ന്യൂഡൽഹി: പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് മിഷൻ നാലാം ഘട്ടം ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അടുത്ത മാസം ഒന്നാം തീയതി മുതൽ 14-ാം തീയതി വരെയുള്ള വിമാനങ്ങളുടെ പട്ടികയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്ന് പുറത്തിറക്കിയത്. പല രാജ്യങ്ങളിൽ നിന്നുമായി കേരളത്തിലേക്ക് 94 വിമാനങ്ങളാകും സർവീസ് നടത്തുക.
യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നു 39 വിമാനങ്ങൾ വീതവും ഒമാനിൽ നിന്നു 13ഉം മലേഷ്യയിൽ നിന്ന് രണ്ടും സിംഗപൂരിൽ നിന്ന് ഒരു വിമാനവും സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ സർവീസ് നടത്തുക.
ഒന്നാം തീയതി ബഹ്റൈൻ, ഒമാൻ, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ പുറപ്പെടും. 177 യാത്രക്കാർ വീതമായിരിക്കും ഈ വിമാനങ്ങളിൽ വരുന്നത്. നാട്ടിലേക്കു മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം നോക്കിയാണ് വിവിധ രാജ്യങ്ങളിൽ നിന്നു വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവായ അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.