ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തി വിഷയം കോൺഗ്രസ് രാഷ്ട്രീയവത്കരിക്കരുതെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. ഇന്ത്യന്‍ ഭൂപ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറവു വെച്ചെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമർശനത്തി്ന് മറുപടി പറയുകയായിരുന്നു ശരദ് പവാർ.
സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. പ്രകോപനപരമായി പെരുമാറിയത് ചൈനയാണെന്നും സത്താറയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പവാര്‍ പറഞ്ഞു. ഗാല്‍വന്‍ മേഖലയില്‍ ആശയ വിനിമയത്തിനായി സൈന്യം ഒരു റോഡ് നിര്‍മിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇങ്ങോട്ട് ചൈനീസ് സൈന്യം കടന്നു കയറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും ശരദ് പവാര്‍ പറഞ്ഞു. ഇത് ആരുടെയും പരാജയമല്ല. പട്രോളിംഗിനിടെ ആര്‍ക്കു വേണമെങ്കിലും കടന്നു വരാം. ഇത് ഡല്‍ഹിയിലിരിക്കുന്ന പ്രതിരോധ മന്ത്രിയുടെ പരാജയമല്ലെന്നും പവാര്‍ പറഞ്ഞു.
1962ലെ യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത ഭൂമി ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ശരദ് പവാര്‍ ഓര്‍മിപ്പിച്ചു. 'എന്നാല്‍ പുതുതായി ചൈന സ്ഥലം കയ്യേറിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷെ ഒരു ആരോപണം ഉന്നയിക്കുമ്ബോള്‍ ഞാന്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. വലിയൊരു ഭൂപ്രദേശം കയ്യേറിയിട്ടുണ്ടെങ്കില്‍ അത് അവഗണിക്കാനാവില്ല.' ദേശീയസുരക്ഷയുടെ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.