covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം പേർക്കാണ് പുതുതായി രോഗം പിടിപെട്ടത്.മരണനിരക്ക് ഉയരുന്നതും, സമ്പർക്കത്തിലൂടെയുള്ള കേസുകൾ വർദ്ധിക്കുന്നതുമാണ് ആശങ്ക കൂട്ടുന്നത്.

വൈറസ് വ്യാപനം വർദ്ധിക്കുകയല്ലാതെ ഇതുവരെ ഒരു കുറവും വന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലായ് അവസാനത്തോടെ രോഗികളുടെ എണ്ണം കൂടിയ തോതിലെത്തുമെന്നാണ് വിദഗ്ദ്ധരും ആരോഗ്യ പ്രവർത്തകരും വ്യക്തമാക്കുന്നത്.

അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരം.അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. ബ്രസീലിൽ 13 ലക്ഷത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണത്തിൽ മൂന്നാമതുള്ളത് റഷ്യയാണ്. രാജ്യത്ത് ആറ് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 5.25 ലക്ഷം പിന്നിട്ടു.

കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിലെ ഒരു ഇറച്ചി മാർക്കറ്റിലാണ് കൊവിഡ് ആദ്യം പടർന്ന് പിടിക്കുന്നത്. ചൈനയെ വരിഞ്ഞുമുറുക്കിയ കൊവിഡ്, പിന്നീട് മറ്റ് ലോകരാജ്യങ്ങളിലേക്കും വ്യാപിച്ചു. യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇറ്റലി, ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലായിരുന്നു കൊവിഡ് ആദ്യം നാശം വിതച്ചത്. കാൽ ലക്ഷത്തിലധികം മരണമാണ് ഓരോ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും അമേരിക്കയിലുമാണ് കൊവിഡ് നാശം വിതയ്ക്കുന്നത്.