zomato

കൊൽക്കത്ത: ലഡാക്കിലെ ആക്രമത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ ചൈനയ്‌ക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു. ചൈനയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ സോമാറ്റോ ഫുഡ് ഡെലിവറി ജീവനക്കാർ ടിഷർട്ടുകൾ വലിച്ചുകീറി കത്തിച്ചു.

സോമാറ്റോയ്ക്ക് ചൈനീസ് മുതൽമുടക്ക് ഉള്ളതിനാൽ ജോലി ഉപേക്ഷിച്ചതായി ബെഹാലയിൽ നടന്ന പ്രതിഷേധത്തിനിടെ ചിലർ അവകാശപ്പെട്ടു. കമ്പനി വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത് നിർത്താൻ പ്രതിഷേധക്കാർ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

2018 ൽ ചൈനയിലെ ആലിബാബ ഗ്രൂപ്പിന്റെ ഭാഗമായ 'ആന്റ്' 14.7 ശതമാനം ഓഹരികൾക്കായി 210 ദശലക്ഷം യു.എസ് ഡോളർ സൊമാറ്റോയിൽ നിക്ഷേപിച്ചിരുന്നു. കൂടാതെ അടുത്തിടെ അവർ 150 മില്യൺ യുഎസ് ഡോളർ അധികമായി സമാഹരിച്ചിരുന്നു. 'ചൈനീസ് കമ്പനികൾ ഇവിടെ നിന്ന് ലാഭമുണ്ടാക്കുകയും നമ്മുടെ രാജ്യത്തിന്റെ സൈന്യത്തെ ആക്രമിക്കുകയും ചെയ്യുന്നു. അവർ നമ്മുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഇത് അനുവദിക്കാൻ കഴിയില്ല.'-പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ സൊമാറ്റോയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടലും ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താ‌ഴ്‌വരയിൽ ചൈനീസ് സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു.