ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചെങ്കിലും ഇപ്പോഴും പുത്തൻ വാഹന ലോഞ്ചിംഗെല്ലാം നടക്കുന്നത് ഓൺലൈനിലാണ്. കൂടുതൽ ഇളവുകൾ ലഭിക്കുന്ന മുറയ്ക്ക് വിപണിയിലേക്ക് ചുവടുവയ്ക്കാൻ കാത്തിരിക്കുന്ന ഒട്ടേറെ പുത്തൻ താരങ്ങളുണ്ട്. ജൂലായിൽ ഇവ എത്തുമെന്നാണ് പ്രതീക്ഷ.
എം.ജി. ഹെക്‌ടർ പ്ളസ്
2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ മൂന്നുനിര സീറ്റുകളുള്ള എസ്.യു.വിയെ എം.ജി പരിചയപ്പെടുത്തിയത്. 6/7 സീറ്റ് ഓപ്ഷനാണ് ഉണ്ടാവുക. മഹീന്ദ്രയുടെ എക്‌സ്.യു.വി 500, ടാറ്റയുടെ ഗ്രാവിറ്റാസ് എന്നിവയാണ് നേർ എതിരാളികൾ.
അകത്തളത്തിലും പുറംമോടിയിലും ഒട്ടേറെ പുതുമകളും പുത്തൻ ഫീച്ചറുകളുമാണ് ഹെക്‌ടർ പ്ളസിന്റെ പ്രധാന ആകർഷണം. ഫിയറ്റിന്റെ 2.0 ലിറ്റർ ഡീസൽ എൻജിൻ, 1.5 ലിറ്രർ മൈൽഡ്-ഹൈബ്രിഡ് മോട്ടോർ എന്നിവയാണ് ഉണ്ടാവുക. ഡീസൽ ഓപ്‌ഷന് ഗിയർ സംവിധാനം 6-സ്പീഡ് മാനുവൽ.
ഔഡി RS7 സ്‌പോർട്ബാക്ക്
ബി.എസ് - 6 മാനദണ്ഡം വന്നശേഷം ഔഡി അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് RS7 സ്‌പോർട്ബാക്ക്. അടുത്തമാസം അവതരിപ്പിക്കുമെങ്കിലും വില്പന ആഗസ്‌റ്റിലേ ആരംഭിക്കൂ എന്നാണ് കേൾക്കുന്നത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ടോക്കൺതുക.
ഡയറക്‌ട് ഫ്യുവൽ ഇൻജക്ഷനോട് കൂടിയ, 4.0 ലിറ്റർ ട്വിൻ - ടർബോ ചാർജ്ഡ്, വി-8 എൻജിനാണ് സ്പോർട്ടീ സ്വഭാവമുള്ള ഈ ഹൈ പെർഫോമൻസ് മോഡലിനുള്ളത്. ക്വാട്രോ ഓൾവീൽ ഡ്രൈവ് സംവിധാനം, 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സ് എന്നിവയും നൽകിയിരിക്കുന്നു.
ബെൻസ് ഇ.ക്യു.സി
മെഴ്സിഡെസ്-ബെൻസിന്റെ ആദ്യ ഇലക്‌ട്രിക് എസ്.യു.വിയാണ് ഇ.ക്യു.സി. കമ്പനിയുടെ ഇലക്‌ട്രിക് വാഹന ബ്രാൻഡായ ഇ.ക്യുവിന്റെ ശ്രേണിയിലാണ് ഈ ആഡംബര എസ്.യു.വി എത്തുന്നത്. 402 ബി.എച്ച്.പി കരുത്തും 765 എൻ.എം മാക്‌സിമം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 80 kWh ലിതിയം ബാറ്ററിയാണ് ഹൃദയം. ഒറ്റ ചാർജിംഗിൽ 445-471 കിലോമീറ്റർ ദൂരം ഓടാം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം കൈവരിക്കാൻ 5.1 സെക്കൻഡ് മതി.