ന്യൂഡൽഹി: ഇന്ത്യയിൽ ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. വൈറസ് ബാധയെ പടിക്ക് പുറത്താക്കാൻ കഠിനപരിശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. അതിൽ എടുത്ത് പറയേണ്ടത് രാജ്യതലസ്ഥാനത്തെക്കുറിച്ചാണ്. ഡൽഹിയിൽ കേസുകളുടെ എണ്ണം 80,000 കടന്നതോടെ, രോഗ വ്യാപനത്തെക്കുറിച്ച് സമഗ്രമായി വിശകലനം ചെയ്യുന്നതിനായി സീറോളജിക്കൽ സർവേ നടത്താനുള്ള ദൗത്യത്തിലാണ് അധികൃതർ ഇപ്പോൾ. ജൂലായ് പത്തിനകം സർവേ പൂർത്തിക്കുമെന്നാണ് റിപ്പോർട്ട്.
കൊവിഡ് ആശുപത്രികളിൽ കിടക്കകളുടെ കുറവ് ജൂൺ ആദ്യ വാരത്തിൽ ഉണ്ടായിരുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമ്മതിച്ചു, എന്നാൽ അത്തരം കുറവുകളൊന്നും ഇപ്പോഴില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ തന്റെ സർക്കാർ കിടക്കകളുടെ എണ്ണം ഗണ്യമായി ഉയർത്തിയെന്നും, പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. പ്രതിദിനം ഇരുപതിനായിരത്തോളം ടെസ്റ്റുകളാണ് ഇപ്പോൾ നടത്തുന്നത്.
കൊവിഡിനെതിരായ പോരാട്ടത്തിൽ 'അഞ്ച് ആയുധങ്ങൾ' തന്റെ സർക്കാർ ഉപയോഗിക്കുന്നുണ്ടെന്ന് കെജ്‌രിവാൾ വ്യക്തമാക്കി.കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കൽ, പരിശോധനയും ക്വാറന്റീനും, പൾസ് ഓക്സിമീറ്ററുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും നൽകൽ, പ്ലാസ്മ തെറാപ്പി, സ്‌ക്രീനിംഗും സർവേയുമാണ് ആ അഞ്ച് ആയുധങ്ങൾ.
രാജ്യതലസ്ഥാനത്ത് മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 80,188 ആയി. മരണസംഖ്യ 2,588 ആയി. ഡൽഹിയിൽ 28,329 സജീവ കേസുകളാണ് നിലവിൽ ഉള്ളത്.കെജ്‌രിവാളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദക്ഷിണ ഡൽഹിയിലെ 10,000 കിടക്കകളുള്ള രാധ സാവോമി സത്സംഗ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
അതേസമയം, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഇതുവരെ ഡൽഹിയിലെ 12 പ്രവർത്തന ലാബുകളിൽ 4.7 ലക്ഷം ആർടി-പിസിആർ പരിശോധനകൾ നടത്തുന്നതിന് ഡയഗ്‌നോസ്റ്റിക് മെറ്റീരിയലുകൾ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
.