കൊല്ലം: ഓജോ ബോർഡ് കളിക്കിടെ കൂട്ടുകാരിക്ക് ബാധകയറിയെന്നും,തന്റെ അടിയേറ്റ് മരിച്ചുപോയെന്നും തെറ്റിദ്ധരിച്ച് പന്ത്രണ്ട് വയസുകാരി വീട് വിട്ടിറങ്ങി. ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം കൂട്ടുകാരിക്കൊപ്പം പന്ത്രണ്ടുകാരി ഓജോ ബോർഡ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ ആത്മാവ് വന്നെന്ന് തോന്നി. കൂട്ടുകാരിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായതോടെ പേടികൂടി. അവളുടെ ശരീരത്തിൽ ബാധകയറിയെന്നു കരുതി അത് ഒഴിഞ്ഞുപോകാൻ ഒരടി കൊടുത്തു.
അടികിട്ടിയ കൂട്ടുകാരി ബോധരഹിതയായതോടെ അവൾ മരിച്ചെന്ന് പന്ത്രണ്ടുകാരി കരുതി. ഭയന്നുപോയ കുട്ടി വീട് വിട്ടുപോകുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാർ നാടുമുഴുവൻ തിരച്ചിൽ നടത്തി. ഈ സമയം പെൺകുട്ടി ഒറ്റയ്ക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസാണ് തിരികെ വീട്ടിലെത്തിച്ചത്.