youtube-shorts

കൊച്ചി: കൈ വെച്ച മേഖലകളിൽ എല്ലാം തിളങ്ങിയവരാണ് ടെക് ഭീമന്മാരായ ഗൂഗിള്‍. മാപ്സ്, ക്രോം,യൂട്യൂബ് തുടങ്ങിയ ഗൂഗിള്‍ ആപ്ലിക്കേഷനുകൾ എല്ലാം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. നാള്‍ക്കുനാള്‍ പുത്തന്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഗൂഗിള്‍ ഹ്രസ്വ വീഡിയോ ഷെയറിങ്ങിനായി ആപ്പ് തയ്യാറാക്കുന്ന തിരക്കിലാണ്. വീഡിയോ ഷെയറിങ് അപ്പുകളിലെ തരംഗമായ ടിക് ടോക്കിന് കനത്ത വെല്ലുവിളിയുമായാണ് ഗൂഗിളിന്റെ ആപ്പ് തയ്യാറാക്കുന്നത്.

ടിക് ടോക്കിന് സമാനമായി 15-സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാവുന്ന ഗൂഗിള്‍ ആപ്പ് ഇപ്പോള്‍ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. ജൂലായില്‍ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന പുത്തന്‍ ആപ്പിന്റെ പേര് ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല, എങ്കിലും യൂട്യൂബ് ഷോര്‍ട്‌സ് എന്നാകും പേര് എന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു. ചുരുക്കാ ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അവര്‍ ഉപയോഗിച്ച ശേഷം ഗൂഗിളിന് നല്‍കുന്ന പ്രതികരണത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാകും യൂട്യൂബ് ഷോര്‍ട്‌സ് പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക.ടിക് ടോക്കിന് സമാനമായി ഫില്‍റ്ററുകള്‍, എഫക്ടുകള്‍, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവ യൂട്യൂബ് ഷോര്‍ട്ട്‌സിലും ലഭ്യമാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.പ്രത്യേക ആപ്പ് അല്ലെങ്കിലും ചെറു വീഡിയോകള്‍ ചെയ്യാനുള്ള സംവിധാനം യൂട്യൂബില്‍ സ്റ്റോറീസ് അഥവാ റീല്‍സ് എന്ന പേരില്‍ 2017 മുതല്‍ ലഭ്യമാണ്.

ഇന്ത്യ-ചൈനാ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ചൈന വിരുദ്ധ വികാരം ശക്തിപ്പെട്ടതോടെ ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ പകരക്കാര്‍ക്ക് വൻ ഡിമാന്‍ഡ് ആണ്.ടിക് ടോക് ആപ്പിന്റെ ഇന്ത്യന്‍ ബദല്‍ എന്ന പേരില്‍ പ്രശസ്തമായ മിത്രോം ആപ്പിന് 1 കോടിയിലേറെ ഡൗണ്‍ലോഡുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.