ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിവിലിയൻ പൈലറ്റുമാരിൽ 30 ശതമാനത്തിലധികം പേർ വ്യാജ ലൈസൻസുള്ളവരാണെന്നും, ഇവർക്ക് വിമാനം പറത്താൻ യോഗ്യതയില്ലെന്നും രാജ്യത്തെ വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാൻ. പാക്കിസ്ഥാന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
262 പൈലറ്റുമാർ സ്വയം പരീക്ഷയെഴുതിയിട്ടില്ലെന്നും, അവർ പണം കൊടുത്ത് മറ്റുള്ളവരെക്കൊണ്ട് പരീക്ഷ എഴുതിച്ചെന്നും മന്ത്രി വ്യക്തമാക്കി. അവർക്ക് വിമാനം പറത്തുന്നതിൽ മുൻപരിചയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.വ്യാജന്മാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വ്യാജ ലൈസൻസുകൾ പിഐഎ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഇത് പാകിസ്ഥാനിലെ മുഴുവൻ എയർലൈൻ വ്യവസായത്തിലും വ്യാപിച്ചതായി അംഗീകരിക്കുന്നു. ചില വ്യാജ പൈലറ്റുമാർ വിദേശ വിമാനങ്ങൾ പറത്തുന്നുണ്ടെന്നും വക്താവ് അബ്ദുല്ല ഖാൻ പറഞ്ഞു.
മെയ് 22 ന് തെക്കൻ നഗരമായ കറാച്ചിയിൽ 97 പേർ കൊല്ലപ്പെട്ട വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിന്റെ ഭാഗമായാണ് അന്വേഷണ ഫലങ്ങൾ പ്രഖ്യാപിച്ചത്. ലാഹോറിൽ നിന്ന് പറന്നുയർന്ന് പിഎഎ വിമാനം തകർന്നുവീഴുകയായിരുന്നു. തകർന്നുവീണ വിമാനത്തിലെ പൈലറ്റുമാർ വ്യാജ ലൈസൻസുകൾ ഉള്ളവരാണോയെന്ന് ഖാൻ വ്യക്തമാക്കിയിട്ടില്ല. അതേസമയം, യാത്രയിലുടനീളം പൈലറ്റുമാർ കൊവിഡിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. അവർ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. പൈലറ്റുമാർ അമിത ആത്മവിശ്വാസമുള്ളവരാണെന്നും ഖാൻ പറഞ്ഞു.