ചെന്നൈ: തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ തമിഴ്‌നാട് പൊലീസിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കസ്റ്റഡി മരണം കൂടി.
തെങ്കാശി വീരകേരളം പുദുർ പൊലീസിന്റെ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവായ ആട്ടോഡ്രൈവർ ആശുപത്രിയിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് 15 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ കുമരേശനാണ് മരിച്ചത്.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് കുമരേശനെ വീരകേരളം പുദുർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ കുമരേശൻ വീട്ടുകാരോട് അധികം സംസാരിച്ചില്ല. പിന്നീട് രക്തം ഛർദ്ദിക്കാൻ തുടങ്ങിയതോടെ കുമരേശനെ സുരണ്ടായിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നുദിവസത്തിന് ശേഷം അവിടെ നിന്ന് തിരുനെൽവേലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വൃക്കയ്ക്കും മറ്റ് ആന്തരികാവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
തുടർന്നാണ് കുമരേശൻ സ്റ്റേഷനിൽ വച്ച് പൊലീസുകാർ ക്രൂരമായി പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. നടന്ന കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി കുമരേശൻ മരിക്കുന്നതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
കുമരേശന് നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് സബ് ഇൻസ്‌പെക്ടർ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.