@ഒഴിപ്പിക്കുന്ന സ്കൂളുകൾ കാർഗിലിന് സമീപം
@രണ്ട് മാസത്തെ പാചക വാതകം സംഭരിക്കാനും ഉത്തരവ്
ശ്രീനഗർ: ഇന്ത്യാ - ചൈന അതിർത്തി സംഘർഷം തുടരുന്നതിനിടെ, ജമ്മു കാശ്‌മീരിൽ രണ്ടുമാസത്തേക്കുള്ള പാചകവാതക സിലിണ്ടറുകൾ കരുതിവയ്‌ക്കാനും ലഡാക്കിലെ പഴയ യുദ്ധഭൂമിയായ കാർഗിലിന് സമീപത്തെ സ്‌കൂൾ കെട്ടിടങ്ങൾ കേന്ദ്ര സായുധ സേനയ്‌ക്കായി ഒഴിഞ്ഞുകൊടുക്കാനും അധികൃതർ ഉത്തരവിട്ടത് മേഖലയിൽ ആശങ്കപരത്തുന്നു.
അതിർത്തിയിൽ നിർണ്ണായകമായ സൈനിക നീക്കങ്ങൾക്കോ മറ്റ് ദൗത്യങ്ങൾക്കോ മുന്നോടിയാകാം ഈ ഉത്തരവുകളെന്ന് അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ കണ്ണുവച്ചവർക്ക് തക്ക മറുപടിനൽകാനുള്ള നമ്മുടെ ശേഷിയും അതിർത്തിയും പരമാധികാരവും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയും ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മൻ കി ബാത്തിൽ പറഞ്ഞിരുന്നു. ചൈനയുടെ പേര് പറയാതെയുള്ള മോദിയുടെ ശക്തമായ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് കാശ്‌മീരിലെ ഉത്തരവുകൾ വന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന മിന്നൽപ്രഹരം നടത്തുന്നതിന് മുമ്പും ആഗസ്റ്റിൽ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുമ്പും സമാനമായ ഉത്തരവുകൾ ഇറക്കിയിരുന്നു.
@16 സ്കൂളുകൾ സൈനിക താവളമാകും
കാർഗിലിനോട് ചേർന്നുകിടക്കുന്ന ഗന്ദർബാളിലെ സ്‌കൂൾ കെട്ടിടങ്ങൾ ഒഴിഞ്ഞു കൊടുക്കാൻ ഗന്ദർബാൽ പൊലീസ് സൂപ്രണ്ടാണ് ഉത്തരവിറക്കിയത്. ഐ.ടി.ഐ കെട്ടിടങ്ങളും സ്‌കൂളുകളും ഉൾപ്പെടെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഒഴിയേണ്ടത്. അമർനാഥ് തീർത്ഥാടനത്തിന്റെ സുരക്ഷയ്ക്കാണ് ഇതെന്നാണ് വിശദീകരണം. എന്നാൽ കൊവിഡ് ഭീതി നിലനിൽക്കെ ഇത്തവണ അമർനാഥ തീർത്ഥാടനം വിപുലമായി നടക്കാൻ സാദ്ധ്യതയില്ല.
ചൈനയുമായി അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ തന്ത്രപ്രധാനമായ കാർഗിലിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഗന്ദർബാൾ. ഇന്ത്യയും ചൈനയും മുഖാമുഖം നിൽക്കുന്ന നിയന്ത്രണരേഖ ഇതിന് സമീപമാണ്. സംഘർഷഭൂമിയിൽ സൈനിക നീക്കങ്ങൾ ശക്തമാക്കാൻ ഗന്ദർബാൾ സ്ഥിരം താവളമാക്കാനുള്ള നീക്കമാണെന്ന് റിപ്പോർട്ടുണ്ട്.
@പാചകവാതകം:ഉത്തരവ് കാലം തെറ്റി
രണ്ട് മാസത്തേക്കുള്ള പാചക വാതകം സംഭരിക്കാൻ ജമ്മുകാശ്‌മീർ ലെഫ്. ഗവർണർ ജി. സി മുർമ്മു ആണ് ഉത്തരവിറക്കിയത്. ഈ മാസം 23ന് നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. 'വളരെ അടിയന്തിരമായ കാര്യം' എന്ന കുറിപ്പോടെയുള്ള ഉത്തരവിൽ 'മണ്ണിടിച്ചിൽ മൂലം ദേശീയപാത അടയ്ക്കുന്നതിനാൽ ആവശ്യത്തിന് എൽ.പി.ജി സിലിണ്ടറുകൾ കരുതി വയ്‌ക്കണമെന്നായിരുന്നു നിർദ്ദേശം. അതിന്റെ ചുവടുപിടിച്ച് ബോട്ടിലിംഗ് പ്ളാന്റുകളിലും ഗോഡൗണുകളിലും രണ്ടുമാസത്തേക്കുള്ള പാചകവാതകം കരുതിവയ്ക്കാൻ ഭക്ഷ്യവകുപ്പ് ഡയറക്ടർ എണ്ണക്കമ്പനികളോട് നിർദ്ദേശിക്കുകയായിരുന്നു.
കാശ്‌മീർ താഴ്‌വരയിൽ ഹൈവേ ഗതാഗതം മുടക്കി കൊടുംശൈത്യം പിടിമുറുക്കുന്ന ഒക്ടോബർ- നവംബർ മാസങ്ങളിലാണ് ഗ്യാസ് കരുതി വയ്ക്കാൻ സാധാരണ നിർദ്ദേശിക്കാറുള്ളത്. ആദ്യമായാണ് വേനലിന്റെ മൂർദ്ധന്യത്തിൽ ഇത്തരമൊരു നിർദ്ദേശം.
ചൈനയുമായുള്ള സംഘർഷം രൂക്ഷമായതു മുതൽ ലഡാക്ക് മേഖലകളിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ചീറിപ്പായുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. അതിന് ആക്കം കൂട്ടുന്നതാണ് പുതിയ ഉത്തരവുകൾ