വാഷിംഗ്ടൺ: അമേരിക്കയിൽ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം തുടരുന്നവർക്ക് നേരെ അക്രമി നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു. കെന്റക്കി ലൂയിസ്വില്ലയിലെ പാർക്കിൽ അമേരിക്കൻ സമയം ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അക്രമമുണ്ടായത്. കറുത്ത വർഗക്കാരിയായ ബ്രയോണ ടെയ്ലറിനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിനെതിരെ ലൂയിസ്വില്ലയിലെ ജഫേഴ്സൺ സ്ക്വയർ പാർക്കിൽ ആഴ്ചകളായി പ്രതിഷേധ പരിപാടികൾ തുടരുകയാണ്. ഇവർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്. അക്രമി വെടിയുതിർക്കുന്നതും പ്രതിഷേധക്കാർ ചിതറിയോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിയേറ്റ രണ്ടാമത്തെയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.