irfan-dhoni

ന്യൂഡൽഹി : ക്യാപ്ടൻ കൂൾ എന്ന വിശേഷണത്തിനുടമയായ മഹേന്ദ്ര സിംഗ് ധോണി ക്യാപ്ടൻസി ലഭിച്ച സമയത്ത് ഭയങ്കര ആവേശക്കാരനായിരുന്നുവെന്ന് മുൻതാരം ഇർഫാൻ പഠാൻ. 2007-ൽ അതിരുവിട്ട ആവേശം കാണിച്ചിരുന്ന ക്യാപ്ടനായിരുന്ന ധോണി പിന്നീടുള്ള വർഷങ്ങളിൽ ആർജിച്ച അനുഭവസമ്പത്തും ആത്മവിശ്വാസവുമാണ് ശാന്തനായ ക്യാപ്ടനാക്കി മാറ്റിയതെന്ന് ഇർഫാൻ അഭിപ്രായപ്പെട്ടു . സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് ധോണിയുടെ ക്യാപ്ടൻ കൂളിലേക്കുള്ള യാത്രയെ കുറിച്ച് പഠാൻ വിശദീകരിച്ചത്.

'2007-ലാണ് ധോണി നായകനായി അരങ്ങേറുന്നത്. അക്കാലത്ത് അദ്ദേഹം ബൗളർമാരെ നിയന്ത്രിച്ചിരുന്നു. വിക്കറ്റ് കീപ്പിംഗിനിടയിൽ ബൗളർമാരുടെ അടുത്തേക്ക് ഓടി വന്ന് നിർദേശങ്ങൾ നൽകിയികുന്നു. ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം ലഭിക്കുമ്പോൾ നമ്മൾ വളരെയധികം ആവേശഭരിതരാകുമെന്ന് 2007-ലാണ് എനിക്ക് മനസ്സിലായത്.

എന്നാൽ 2013-ലെത്തിയപ്പോഴേക്കും ധോണി ആ രീതിയിൽ നിന്ന് പതിയെ മാറി. അദ്ദേഹത്തിന് ബൗളർമാരെ വിശ്വാസം വന്നു. ഇതോടെ ധോണി ശാന്തനായ ക്യാപ്ടനിലേക്ക് വളർന്നു. 2007 മുതൽ 2013 വരെയുള്ള കാലത്തിനിടയ്ക്ക് സ്ലോ ബൗളർമാരിലും സ്പിന്നർമാരിലും വിശ്വാസമർപ്പിക്കാനുള്ള അനുഭവപരിചയം ധോണി നേടി. 2013 ചാമ്പ്യൻസ് ട്രോഫി എത്തിയപ്പോഴേക്കും അത്യാവശ്യ ഘട്ടങ്ങളിൽ മത്സരം വിജയിപ്പിക്കാൻ സ്പിന്നർമാരെ ഇറക്കേണ്ടതിന്റെ ആവശ്യകതയും ധോണി മനസിലാക്കിയിരുന്നു.2013-ൽ ടീം മീറ്റിംഗ് പോലും അഞ്ചു മിനിട്ട് മാത്രമാണുണ്ടായിരുന്നത്.'' പഠാൻ വ്യക്തമാക്കുന്നു.

2007-ൽ ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടിയപ്പോഴും 2008ൽ ആസ്ട്രേലിയയിൽ കോമൺവെൽത്ത് ബാങ്ക് സീരീസ് വിജയിച്ചപ്പോഴും 2013-ൽ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോഴും ധോണിക്ക് കീഴിൽ കളിച്ച താരമാണ് ഇർഫാൻ പഠാൻ.