ബീജിംഗ്: ഗാൽവൻ സംഘർഷത്തിന് മുമ്പായി ചൈന പർവതാരോഹകരേയും കരാട്ടെ വീരന്മാരെയും ഇന്ത്യൻ അതിർത്തിയിലേക്ക് അയച്ചിരുന്നതായി ചൈനീസ് സൈന്യത്തിന്റെ പത്രമായ നാഷണൽ ഡിഫൻസ് ന്യൂസ് വെളിപ്പെടുത്തി.
എവറസ്റ്റ് ഒളിമ്പിക് ദീപശിഖാ റിലേ ടീമിലെ മുൻ അംഗങ്ങളും മിക്സഡ് ആയോധനകല ക്ലബ്ബിലെ പോരാളികളും ഉൾപ്പെടെ അഞ്ച് പുതിയ സേനാ ഡിവിഷനുകൾ ജൂൺ 15 ന് ടിബറ്റൻ തലസ്ഥാനമായ ലാസയിൽ പരിശോധനയ്ക്ക് ഹാജരായതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. ലാസയിൽ നൂറുകണക്കിന് പുതിയ സൈനികർ അണിനിരക്കുന്നതിന്റെ ദൃശ്യങ്ങൾ ചൈനീസ് സർക്കാരിന്റെ ചാനലായ സി.സി.ടി.വിയും പുറത്തുവിട്ടു.
ആയോധനകല ക്ലബ്ബിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് സൈന്യത്തിന്റെ ഘടനയും ശക്തിയും പടയൊരുക്കവും വളരെയധികം ഉയർത്തുമെന്ന് ടിബറ്റ് കമാൻഡർ വാങ് ഹൈജിയാങ് പറഞ്ഞതായി ചൈന നാഷണൽ ഡിഫൻസ് ന്യൂസ് അറിയിച്ചു. എന്നാൽ അവരുടെ വിന്യാസം നിലവിലുള്ള അതിർത്തി സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഇവിടെ നിന്ന് 1300 കിലോമീറ്റർ ദൂരമുള്ള ലഡാക്ക് മേഖലയിലാണ് ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായത്. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഘർഷത്തിൽ ചൈനയുടെ കേണലടക്കം 45 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.