sufiyum-sujathayum

കൊച്ചി:'സൂഫിയും സുജാതയും' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങി.'വാതിക്കല് വെള്ളരിപ്രാവ്...വാക്ക് കൊണ്ട് മുട്ടണ് കേട്ട്...' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.ബി.കെ ഹരിനാരായണന്റെയും ഷാഫി കൊല്ലത്തിന്റേയും വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം നല്‍കിയിരിക്കുന്നത്.നിത്യ മാമ്മന്‍, സിയ ഉള്‍ ഹഖ്, അര്‍ജുന്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു സൂഫിയുടെയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെൺകുട്ടിയുടെയും കഥ പറയുന്ന ചിത്രമാണ് സൂഫിയും സുജാതയും.ഒരു ഗസല്‍ പോലെ മനോഹരമായിരിക്കും ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.സൂഫി സംഗീതം ഉള്‍ക്കൊള്ളിച്ചുള്ള ചിത്രമാണെന്ന് ആദ്യ ഗാനത്തിലുടെ മനസ്സിലാക്കാം.ജയസൂര്യയും ബോളിവുഡ് താരം അതിഥി റാവുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സംസാരവൈകല്യമുള്ളയാളായാണ് അതിഥി ചിത്രത്തില്‍ അഭിനയിക്കുന്നത്.മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒടിടി റിലീസ് ചെയ്യുന്ന ചിത്രമാണിത്. ജൂലൈ മൂന്നിനാണ് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യുന്നത്.

നരണിപ്പുഴ ഷാനവാസാണ് സിനിമയുടെ സംവിധായകന്‍.അനു മൂത്തേടത്താണ് ഛായാഗ്രഹണം, സിദ്ദിഖ്, ഹരീഷ് കണാരന്‍, മധുമോഹന്‍ തുടങ്ങി നിരവധി താരങ്ങൾ സിനിമയില്‍ ഉണ്ട്.അടുത്തിടെ ബോളിവുഡില്‍ അമിതാഭ് ബച്ചന്റെ ഗുലാബോ സിതാബോയും തമിഴില്‍ ജ്യോതികയുടെ പൊന്മകള്‍ വന്താലും കീര്‍ത്തിയുടെ പെന്‍ഗ്വിനും ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നത് ശ്രദ്ധ നേടിയിരുന്നു.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിർമ്മിക്കുന്നത്.