മുംബയ്: ഭാര്യ മറ്റൊരാളുടെ ഒപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ കണ്ട ഭർത്താവ് തന്റെ മൂന്നു മക്കളെ കൊന്ന ശേഷം ജീവനൊടുക്കി.മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നല്ലാസൊപാരയിലാണ് സംഭവം. പച്ചക്കറി വില്പനക്കാരനായ കൈലാഷ് പാമർ(35) ആണ് ശനിയാഴ്ച മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ലോക്ഡൗൺ കാലത്ത് ജോലിയില്ലാതായതോടെ ഇയാളുടെ ഭാര്യ വീടുപേക്ഷിച്ച് പോയിരുന്നു. ഇതേത്തുടർന്നു കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇയാളെന്ന് പിതാവായ വിജു പാമർ പൊലീസിനോട് വ്യക്തമാക്കി. അതിനിടെയാണ് കഴിഞ്ഞ ദിവസം ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ കണ്ടത്.
ഇതിനു പിന്നാലെയാണ് കുട്ടികളെ കൊന്നതെന്ന് പ്രാഥമികാന്വേഷണത്തിനു ശേഷം തുലിഞ്ച് പൊലീസ് പറയുന്നു. 12 വയസുള്ള മകനെയും എട്ടും അഞ്ചും വയസുള്ള പെൺമക്കളെയുമാണ് ഇയാൾ കഴുത്തറത്തു കൊന്നത്. ക്രൂരകൃത്യത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തുകയാണ് മഹാരാഷ്ട്ര പൊലീസ്.