marriage-

ജയ്പുര്‍: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘച്ച് രാജസ്ഥാനിൽ നടന്ന ആഡംബര വിവാഹത്തിൽ പങ്കെടുത്ത വരനടക്കമുള്ള 15 പേർക്ക് കൊവിഡ്. വരന്റെ മുത്തച്ഛൻ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് 250ല്‍ അധികം പേരെ പങ്കെടുപ്പിച്ച് ആഡംബരത്തോടെ വിവാഹം നടത്തിയത്.

ജൂണ്‍ 13ന് ആയിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്‌കോ സാനിറ്റൈസറോ ഉപയോഗിച്ചില്ലെന്നും സാമൂഹ്യ അകലം പാലിച്ചില്ലെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. വരനെ കൂടാതെ അദ്ദേഹത്തിന്റെ അമ്മാവന്‍, അമ്മായി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വധു അടക്കം 17 പേര്‍ക്ക് പരിശോധനയിൽ നെഗറ്റീവ് എന്ന് തെളിഞ്ഞിട്ടുണ്ട്.. രോഗബാധ സ്ഥിരീകരിച്ച 15 പേരെയും ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കൂടാതെ വിവാഹത്തില്‍ പങ്കെടുത്ത 100 പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

രോഗബാധയുണ്ടായവരുടെ ചികിത്സ, ക്വാറന്റീന്‍ ചെലവുകള്‍ തുടങ്ങിയവയ്ക്കായി 6,26,600 രൂപ പിഴയടയ്ക്കണമെന്നു കാണിച്ച് വരന്റെ പിതാവിന് ഭില്‍വാര ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കി. മൂന്നു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം അടയ്ക്കണമെന്നാണ് നിര്‍ദേശം. കൂടുതല്‍ ചെലവുകള്‍ ഉണ്ടാവുകയാണെങ്കില്‍ അതും വരന്റെ കുടുംബത്തില്‍നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു.