kanakadurga

മലപ്പുറം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ വിവാഹമോചിതയായതായി വിവരം. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് കനകദുർഗയുടെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളാണ് ഒടുവില്‍ വിവാഹ മോചനത്തിൽ കലാശിച്ചത്.

വിവാഹമോചനത്തോടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കനകദുര്‍ഗ നല്‍കിയിരുന്ന കേസുകള്‍ എല്ലാം പിന്‍വലിക്കുകയും ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ വീട്ടില്‍ നിന്നും ഇവർ താമസം മാറുകയും ചെയ്തിട്ടുണ്ട്. കൃഷ്ണനുണ്ണിയാണ് തനിക്ക് വിവാഹമോചനം വേണമെന്ന് കാട്ടി ഹര്‍ജി നല്‍കിയത്. വിവാഹമോചനം സാദ്ധ്യമാകണമെങ്കിൽ പതിനഞ്ച് ലക്ഷവും വീടും വേണമെന്നായിരുന്നു കനകദുർഗയുടെ ആവശ്യം.

എന്നാൽ അത് നൽകാനാകില്ലെന്ന് കൃഷ്ണനുണ്ണി അറിയിച്ചതോടെ കനകദുര്‍ഗ 10 ലക്ഷ രൂപയ്ക്ക് ഒത്തുതീര്‍പ്പിന് സമ്മതിക്കുകയായിരുന്നു. ഇത് കൃഷ്ണനുണ്ണിയും സമ്മതിച്ചതോടെയാണ് വിവാഹമോചനം സാദ്ധ്യമായത്. കനകദുര്‍ഗ വീടൊഴിഞ്ഞതോടെ, കൃഷ്ണനുണ്ണിയും മാതാവും പഴയ വീട്ടില്‍ വീണ്ടും താമസം മാറിയിട്ടുണ്ട്.

ശബരിമല യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മ തല്ലിയതായി കനകദുര്‍ഗ ആരോപിച്ചിരുന്നു. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന തീരുമാനത്തിലായിരുന്നു് ഭർത്താവ് കൃഷ്ണനുണ്ണി.