shivraj-singh-chouhan

ഭോപ്പാല്‍: ഇന്ത്യ-ചെെന അതിർത്തി തർക്കത്തിന് കാരണം നെഹ്‌റുവും കോണ്‍ഗ്രസും ആണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. രാഹുൽ ഗാന്ധി എം.പിയുടെ പ്രസ്താവനകൾ സെെന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഒരാള്‍ പോലും ഒരിക്കലും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ലെന്നും ചൗഹാന്‍ പറഞ്ഞു.

ഇന്ത്യ വളരുന്നത് തുടര്‍ന്നാല്‍ ചൈനയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ലോകത്തിലെ ഏകരാജ്യമായി അത് മാറുമെന്ന ചിന്തയാണ് ചൈനയ്ക്ക് നിരാശയുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ചൗഹാന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി.

1962ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തോടെ ചൈനയ്ക്ക് മനസിലായിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ നയിക്കുന്നത് നരേന്ദ്ര മോദിയാണ്. നമ്മുടെ സൈനികര്‍ ചൈനയെ പാഠം പഠിപ്പിച്ചുവെന്നും ചൗഹാൻ പറഞ്ഞു.