kill

മുംബയ്: ലോക്ക് ഡൗൺ കാലത്ത് ഇറങ്ങിപ്പോയ ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ കണ്ട ഭർത്താവ് മൂന്നു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ നലസൊപര ബാബുൽപാഡ സ്വദേശി കൈലാഷ് പാമറാണ് (35) ശനിയാഴ്ച മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. പച്ചക്കറി വിൽപനക്കാരനാണ് കൈലാഷ്.

ലോക്ക്ഡൗൺ കാലത്ത് പണിയില്ലാതെയായതോടെ ഒന്നരമാസം മുമ്പ് ഭാര്യ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് മാനസിക വിഷമത്തിലായിരുന്നു യുവാവെന്ന് ബന്ധുക്കൾ പറയുന്നു. കൈലാഷിന്റെ വാടക വീട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം.

12 വയസുള്ള മകനും എട്ടും മൂന്നും വയസുള്ള പെൺമക്കളുമൊത്തായിരുന്നു ഇയാളുടെ താമസം. ശനിയാഴ്ച രാവിലെയാണ് ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ കണ്ടത്. തുടർന്ന് ഇയാൾ അസ്വസ്ഥനാവുകയും കൊല നടത്തി ജീവനൊടുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.