expat

മനാമ: യു.എ.ഇയിലും തിരിച്ചുവരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി. തിരിച്ചുവരുന്നവർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്ക് 72 മണിക്കൂർ മുൻപ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ യു.എ.ഇയിലേക്കുള്ള വിമാനത്തിൽ കയറ്റില്ലെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

യു.എ.ഇ സർക്കാർ അംഗീകരിച്ച അംഗീകൃത ലാബിൽ നടത്തിയ കൊവിഡ് ഫലമാണ് ഹാജരാക്കേണ്ടത്. 17 രാജ്യങ്ങളിലെ 106 നഗരങ്ങളിലാണ് അംഗീകൃത ലബോറട്ടറികളുള്ളത്. രണ്ടും മൂന്നും ഘട്ടങ്ങളിൽ കൂടുതൽ ലബോറട്ടറികളെ ഉൾപെടുത്തും. അംഗീകൃത ലബോറട്ടറികൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർ യു.എ.ഇയിൽ എത്തിയ ശേഷം പരിശോധന നടത്തണം. തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.

ക്വാറന്റൈൻ, വൈദ്യ സേവന ചെലവുകൾ സ്വയം വഹിക്കണം. മടങ്ങിവരുന്ന എല്ലാ താമസക്കാരും സർട്ടിഫൈഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. കുവൈറ്റിൽ നേരത്തെ എല്ലാ യാത്രക്കാർക്കും കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി. ജൂൺ 19ന് സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വരുന്നതിന് നാലു ദിവസം മുൻപ് ടെസ്റ്റ് നടത്തിയിരിക്കണമെന്നാണ് നിർദേശം.