തിരുവനന്തപുരം: കേരളാ കോൺഗ്രസ് തർക്കത്തിൽ യു.ഡി.എഫിന്റെ അന്തിമ തീരുമാനം എന്തെന്ന് ഇന്നറിയാം. ഇന്ന് തന്നെ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വം ഇന്ന് പി.ജെ ജോസഫുമായി തിരുവനന്തപുരത്ത് ചർച്ച നടത്തും. യു.ഡി.എഫ് ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് യു.ഡി.എഫ്.
മുന്നണി തീരുമാനം ജോസ് വിഭാഗത്തെ അറിയിച്ചിട്ടും തീരുമാനം പാലിക്കാൻ ഇതുവരെ ജോസ് കെ മാണി തയ്യാറായിട്ടില്ല. ജോസ് പക്ഷം രാജിവച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാൻ യു.ഡി.എഫ് തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. മുന്നണി വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ജോസ് കെ മാണിയുടെ പരസ്യ നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്. അവിശ്വാസം അല്ലെങ്കിൽ ജോസ് പക്ഷത്തിനെതിരെ പരസ്യ നിലപാട് യു.ഡി.എഫ് സ്വീകരിച്ചേക്കാനും സാദ്ധ്യതയുണ്ട്.
മുന്നണി തീരുമാനം അംഗീകരിക്കാതെ ജോസ് പക്ഷം നടത്തുന്ന നീക്കം അംഗീകരിക്കേണ്ടെന്നാണ് ലീഗിന്റെയും മറ്റ് ഘടകക്ഷികളുടെയും അഭിപ്രായം. അതേസമയം അവിശ്വാസം വരുകയും ഇടത് മുന്നണി ജോസ് പക്ഷത്തെ പിന്തുണയ്ക്കുകയും ചെയ്‍താൽ യു.ഡി.എഫിന് അത് വലിയ തോതിൽ ക്ഷീണമുണ്ടാക്കും. ഉമ്മൻ ചാണ്ടിയുൾപ്പെടെ ജോസ് കെ മാണിയെ അനുനയിപ്പിക്കാൻ ശ്രമം ഒരു വശത്ത് നടത്തുന്നുണ്ട്. അതിനിടയിലാണ് പി.ജെ ജോസഫിനെ യുഡിഎഫ് നേതാക്കൾ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുന്നത്. ജോസ് കെ മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.