janaki

ഗായിക എസ്. ജാനകിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വികാരാധീനനായി സംഗീത സംവിധായകനും ഗായകനുമായ എസ്.പി ബാലസുബ്രഹ്മണ്യം. ജാനകിയമ്മയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും അവർ സന്തോഷത്തോടെയിരിക്കുന്നെന്നും ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ എസ്.പി. ബി പറയുന്നു. "ജാനകിയമ്മയുടെ ആരോഗ്യവിവരം അന്വേഷിച്ച് ഇന്ന് എന്റെ ഫോണിലേക്ക് ഇരുപതോളം പേരാണ് വിളിച്ചത്. ചിലർ സമൂഹമാദ്ധ്യമങ്ങളിലൂട‌െ ജാനകിയമ്മ മരിച്ചെന്നു പോലും പ്രചരിപ്പിക്കുന്നു. എന്ത് അസംബന്ധമാണിത്. ഞാൻ ഇന്ന് ജാനകിയമ്മയെ വിളിച്ച് സംസാരിച്ചു. അവർ ആരോഗ്യവതിയായിരിക്കുന്നു." - എസ്.പി വീഡിയോയിൽ പറയുന്നു.

"സമൂഹമാദ്ധ്യമങ്ങളെ ശരിയായ രീതിയിൽ വേണം ഉപയോഗിക്കേണ്ടത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ സമൂഹമാദ്ധ്യമങ്ങളെ ദയവായി ഉപയോഗിക്കരുത്. ജാനകിയമ്മ അരോഗ്യവതിയാണ്. അവർക്ക് ഒരു കുഴപ്പവുമില്ല."- എസ്.പി ബാലസുബ്രഹ്മണ്യം വിഡിയോയിൽ പറഞ്ഞു. തെന്നിന്ത്യൻ പൂങ്കുയിൽ എസ്.ജാനകി മരിച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങളും ചർച്ചകളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. പലരും ഗായികയ്ക്കു പ്രണാമം അർപ്പിച്ചു ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുകപോലും ചെയ്തു.ഇതിനു പിന്നാലെയാണ് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കി എസ്.പി.ബി ഫേസ്ബുക്കിൽ വിഡിയോ പങ്കുവച്ചത്. കെ.എസ് ചിത്രയും അദ്ദേഹത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.