pic

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 23 ദിവസത്തിൽ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധനവില കൂടാതിരുന്നത്. ഡീസലിന് 10. 54 രൂപയും പെട്രോളിന് 9. 3 രൂപയുമാണ് ഈ മാസം കൂട്ടിയത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 80.43 രൂപയാണ് ചില്ലറ വിൽപ്പന നടത്തുന്നത്.

റെക്കാഡ് വർദ്ധനവിന് അടുത്തെത്തിയിരിക്കുകയാണ് വിലയിപ്പോൾ. ഡീസലിന് ലിറ്ററിന് 80.53 രൂപയാണ്. ഡൽഹിയിൽ നേരത്തെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പെട്രോൾ വില 2018 ഒക്ടോബർ 4ന് ലിറ്ററിന് 84 രൂപയായിരുന്നു. ഡീസൽ വില കഴിഞ്ഞ വർഷം ഒക്ടോബർ 16ന് ലിറ്ററിന് 75.69 രൂപയിലെത്തി. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 80. 69 രൂപയാണ്.


ഡീസൽ വില 76. 33 രൂപ. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധനവില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്രസർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർദ്ധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്ടം നികത്താൻ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധനവില ഉയരാനുളള പ്രധാന കാരണങ്ങൾ.