തിരുവനന്തപുരം: വിദ്യാർത്ഥി പ്രതിഷേധത്തിനൊടുവിൽ സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു. ജൂലായ് ഒന്നുമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനാണ് തീരുമാനമായത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥി സംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചു കൊണ്ടാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ എം.എസ് രാജശ്രീ അറിയിച്ചു.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്കായി വിഷയം അക്കാദമിക് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. പ്രൊ വൈസ് ചാൻസലർ ഡോ.എസ്. അയൂബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് പരീക്ഷകൾ മാറ്റിവയ്‌ക്കാൻ തീരുമാനിച്ചത്. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി.ഒ.ജെ. ലബ്ബ, ഡോ. സി.സതീഷ് കുമാർ, ഡോ. ജി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.