മലപ്പുറം: മലപ്പുറത്ത് എടപ്പാളിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്‌ടർമാരുടെ സമ്പർക്കപട്ടികയിൽ ഉള്ളത് ഇരുപതിനായിരത്തിലധികം പേർ. ശിശുരോഗ വിദഗ്ദ്ധനായ ഡോക്‌ടറുടെ പട്ടികയിൽ ഒ.പി.യിൽ എത്തിയ രോഗികളും ബന്ധുക്കളുമടക്കം പതിനായിരം പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യൻ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരെയുമാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ആശുപത്രി അധികൃതർ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.
ആശുപത്രി ആരോഗ്യ വകുപ്പിന് കൈമാറിയ കണക്കിന് പുറമെ ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന പട്ടിക വേറെയുണ്ട്. കുട്ടികളുടെ ഡോക്ടറുടെ പട്ടികയിൽ നവജാതശിശുക്കൾ വരെയുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പട്ടികയിലുള്ള എല്ലാവരോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരിൽ ആയിരം പേർക്ക് രണ്ട് ദിവസത്തിനകം കൊവിഡ് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.