ന്യൂഡൽഹി : കൊവിഡ് കാലത്ത് രാജ്യസുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജമ്മുവിൽ ഇന്ത്യൻ സൈന്യം. ജൂണിൽ മാത്രം സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത് 35 ഭീകരരെയാണ്. ഈ വർഷം ഏറ്റുമുട്ടലിലൂടെ 116 ഭീകരാണ് വധിക്കപ്പെട്ടത്. ജൂൺമാസം സൈന്യം നടപടികൾ കടുപ്പിച്ചതോടെ കൂടുതൽ ഭീകരരെ കൊലപ്പെടുത്താനായി.
കഴിഞ്ഞ ദിവസവും അനന്ത്‌നാഗിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. മൂന്ന് ഭീകരരെയാണ് സൈന്യം ഇവിടെ കൊലപ്പെടുത്തിയത്. ഖുൽചോഹർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇവിടെ ഹിസ്ബുൾ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതോടെ സൈന്യം പ്രദേശം വളയുകയായിരുന്നു . ഹിസ്ബുൾ ഗ്രൂപ്പിലെ കമാൻഡറടക്കം കൊല്ലപ്പെട്ടതോടെ സൈന്യം ദോദാ മേഖലയെ തീവ്രവാദ മുക്തമാക്കിയിട്ടുണ്ട്.
സൈന്യത്തിന്റെ തിരച്ചിൽ ഇവിടെ തുടരുകയാണ്. ഭീകരരെ വധിച്ച സ്ഥലത്തു നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തിന്റെ നടപടികളിൽ ആധിപൂണ്ട് വൈരം മറന്ന് പല ഭീകര ഗ്രൂപ്പുകളും ഒന്നുചേർന്ന് പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൃത്യമായ പ്ലാനുകളോടെ ഭീകരരെ ഉൻമൂലനം ചെയ്യാനുള്ള പ്രവർത്തനം ഈ മേഖലകളിൽ കടുപ്പിക്കുകയാണ് സൈന്യം .