ചെന്നൈ : ഭാര്യയെ സ്‌നേഹിക്കുന്നവർ... എന്ന് തുടങ്ങുന്ന പരസ്യവുമായി ഇന്ത്യയിലെ അടുക്കളകളിൽ സ്ഥാനം ഉറപ്പിച്ച കമ്പനിയാണ് ടി ടി കെ പ്രസ്റ്റീജ് കമ്പനി, എന്നാൽ ഇപ്പോൾ ധീരമായ ഒരു തീരുമാനത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലും ഇടം പിടിക്കുകയാണ് കമ്പനി. തങ്ങളുടെ ഉത്പന്നങ്ങളുടെ ഭാഗങ്ങൾക്കായി ഇനി ഒരിക്കലും ചൈനയെ ആശ്രയിക്കേണ്ടതില്ല എന്നാണ് കമ്പനിയുടെ തീരുമാനം. ഇതിനു പകരമായി ഈ ഭാഗങ്ങൾ തങ്ങൾ തന്നെ ഇന്ത്യയിൽ നിർമ്മിക്കുകയോ വിയറ്റ്നാം പോലെയുള്ള രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയോ ചെയ്യുമെന്നാണ് കമ്പനി തീരുമാനമെടുത്തിരിക്കുന്നത്.
നിലവിൽ സെപ്റ്റംബർ മുപ്പത് വരെ ചൈനയിൽ നിന്നും ഇറക്കുമതി തുടരും. മുൻപ് നൽകിയ ഓർഡറുകൾ പ്രകാരം എത്തുന്ന സാധനങ്ങളാണിവ. ഇതിനു ശേഷം എന്നന്നേയ്ക്കുമായി ചൈനയോട് ബൈ പറയാനാണ് കമ്പനിയുടെ തീരുമാനം. അഞ്ച് വർഷം മുൻപ് കമ്പനി നിർമ്മാണ ഭാഗങ്ങളുടെ മൂന്നിലൊന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ ഇന്ന് ഇത് കേവലം പത്ത് ശതമാനം മാത്രമാണ്. അതിനാൽ തന്നെ ഇപ്പോഴത്തെ തീരുമാനവും കമ്പനിക്ക് അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം ഉടമകൾക്കുണ്ട്.
ഗൽവാനിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി ചൈനീസ് സാധനങ്ങൾ ബഹിഷ്‌കരിക്കാൻ ഇന്ത്യൻ ജനത ഒന്നായി തീരുമാനിച്ചിരുന്നു. സർക്കാർ വിഭാഗങ്ങളും ചൈനീസ് ബന്ധമുള്ള കമ്പനികൾക്ക് നൽകിയിരുന്ന കരാറുകൾ പിൻവലിച്ചിരുന്നു.