കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുളള സ്റ്റോക് എക്‌സ്ചേഞ്ചിൽ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടതായി വിവരം. ഇന്ന് രാവിലെയാണ് സംഭവം. ഒരു കാറിലെത്തിയ അക്രമികൾ കെട്ടിടത്തിലേക്ക് തുടർച്ചയായി ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയുമായിരുന്നുവെന്ന് കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമൻ പറഞ്ഞു. അക്രമം നടത്തിയവരെ കൊലപ്പെടുത്തിയതായാണ് വിവരം. കൂടുതൽ അക്രമികളുണ്ടോ എന്ന് വ്യക്തമല്ല.
കറാച്ചി നഗര മധ്യത്തിൽ തന്നെയാണ് സ്റ്റോക് എക്‌സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാൻ സ്റ്റേറ്റ് ബാങ്കും മറ്റ് നിരവധി പ്രധാന സ്ഥാപനങ്ങളും ഇവിടെത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. അക്രമത്തെ തുടർന്ന് കെട്ടിടം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്.
സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്ന് സിന്ധ് ഗവർണർ ഇമ്രാൻ ഇസ്‌മയിൽ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.