ഭോപ്പാൽ:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഭോപ്പാലിലെ ബി.ജെ.പി എം.പി പ്രഗ്യാസിംഗ് സിംഗ് ഠാക്കൂർ രംഗത്തെത്തി. വിദേശിയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാകാൻ കഴിയില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പേരെടുത്ത് പറയാതെ പ്രഗ്യ വിമർശിച്ചത്."വിദേശിയായ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ജനിച്ച ഒരാൾക്ക് ഒരിക്കലും രാജ്യസ്നേഹിയാകാൻ കഴിയില്ല. ഒരു രാജ്യത്ത് ജനിക്കുന്നയാൾക്കുമാത്രമേ ആ രാജ്യത്തെ സ്നേഹിക്കാൻ കഴിയൂ. ഇക്കാര്യം ചാണക്യൻ അഭിപ്രായപ്പെട്ടിട്ടുണ്ട്"-പ്രഗ്യ പറഞ്ഞു.
രണ്ടുരാജ്യങ്ങളിലെ പൗരത്വമുള്ളയാളിൽ നിന്ന് ഒരിക്കലും രാജ്യസ്നേഹം പ്രതീക്ഷിക്കേണ്ടെന്നുപറഞ്ഞ് സോണിയാ ഗാന്ധിയെയും പ്രഗ്യ വിമർശിച്ചു. ഇതിനൊപ്പം ചൈനാവിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കാനും പ്രഗ്യ മറന്നില്ല.
ചൈനവിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ നിരന്തരം നിശിതമായ വിമർശനമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. ഇതായിരുന്നു പ്രഗ്യയുടെ വിമർശനത്തിന് കാരണം.