ചെന്നൈ: തൂത്തുക്കുടിയിൽ വിവാദം സൃഷ്ടിച്ച ഇരട്ട കസ്റ്റഡി കൊലപാതകം നടന്ന സാത്താൻകുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം എറ്റെടുക്കാൻ റവന്യൂ വകുപ്പിന് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം.
കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെടാൻ സാദ്ധ്യതയുള്ളതിനാലാണ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. തെളിവുകൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം കേസ് സി.ബി.ഐക്ക് കൈമാറുന്ന കാര്യത്തിൽ ഇടപെടില്ലെന്നും സംസ്ഥാന സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി പറഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസ് സി.ബി.ഐയ്ക്ക് കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമി അറിയിച്ചിട്ടുണ്ട്.
സാത്താൻകുളം സ്റ്റേഷനിൽ രണ്ടാഴ്ച മുൻപും ഉരുട്ടിക്കൊല നടന്നുവെന്ന് ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. ആട്ടോ മോഷണക്കേസിൽ പിടിയിലായ തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ സംസ്കരിക്കുകയായിരുന്നു. പ്രായപൂർത്തിയാക്കാത്ത മറ്റൊരു പ്രതിയും ഇൗ സ്റ്റേഷനിൽ കൊടിയ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്.അച്ഛനും മകനും മരിച്ച കേസിലെ ഉദ്യോഗസ്ഥർ തന്നെയാണ് പ്രസ്തുത കേസിലും ആരോപണ വിധേയർ.
സാത്താൻകുളം പൊലീസ് സ്റ്റേഷനിൽ രണ്ടുവർഷത്തിലേറെയായി സി.സി.ടി.വി പ്രവർത്തിക്കുന്നില്ലെന്നും ലോക്കപ്പ് മർദ്ദനത്തിനായി സ്റ്റേഷനിൽ പ്രത്യേക സംഘം ഉണ്ടെന്നും ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്.