ghataq

ഗൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികർ ചൈനീസ് ചതിക്കുഴിയിൽ പെട്ട് വീരമൃത്യു വരിച്ചപ്പോൾ രാജ്യത്തിന്റെ അഭിമാനം കാക്കാൻ മുന്നിട്ടിറങ്ങിയത് ആർമിയിൽ ഘാതക്ക് വിഭാഗമാണ്. കൈകളെ ആയുധങ്ങളാക്കി ശത്രുവിന് മേൽ കനത്ത പ്രഹരമേൽപ്പിക്കുവാൻ ഘാതക്ക് സൈനികരെ വെല്ലാൻ ആർക്കുമാവില്ല. ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് പകരം ചോദിക്കാൻ ചെന്ന ഘാതക്കിന്റെ പ്രഹരത്തിൽ ചൈനീസ് പടയാളികൾ ഭയന്നോടിയെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക വിവരം. ചൈനയുടെ പക്കൽ അകപ്പെട്ട സൈനികരുടേതെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടിലും ചൈനീസ് ക്യാമ്പിൽ വച്ച് ഭയചകിതരായ ശത്രുക്കളെയാണ് കാണാനായതെന്നും, വീണ്ടും ഇന്ത്യൻ സൈനികർ ആക്രമിക്കുമെന്ന ഭയപ്പാടിലായിരുന്നു അവരെന്നുമാണ്. ചൈനയെ ഇത്ര കണ്ട് ഭയചകിതരാക്കാൻ പോന്നതായിരുന്നു ഘാതക്ക് കമാൻഡോകളുടെ പ്രഹരവും പോരാട്ട വീര്യവും.

ചൈനീസ് അതിർത്തിയിൽ ഘാതക്കിന്റെ പ്രാധാന്യം

1996 ൽ ഇന്ത്യയും ചൈനയും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം അതിർത്തി പ്രദേശത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ തോക്കുപോലുള്ള ആയുധങ്ങളോ മറ്റ് സ്ഫോടകവസ്തുക്കളോ പ്രയോഗിക്കുവാൻ പാടില്ല എന്നാണ്. അതിനാൽ തന്നെ പട്രോളിംഗ് ഉൾപ്പടെയുള്ള അവസരങ്ങളിൽ ഇരു രാജ്യത്തെ സൈനികരും തോക്കുകൾ തലകീഴായി ആണ് സൂക്ഷിക്കുന്നത്. ഗൽവാനിൽ സംഘർഷമുണ്ടായ ദിവസവും ഈ കരാർ പാലിക്കുവാൻ ഇന്ത്യ തയ്യാറായി. ആയുധം ഉപയോഗിക്കരുതെന്ന കരാർ ഉള്ള പ്രദേശത്ത് കായികമായി കരുത്ത് കൂടുതൽ ആവശ്യമായി വരും. ഇരു സൈനികരും തമ്മിൽ പലപ്പോഴും അതിർത്തി തർക്കത്തിന്റെ പേരിൽ ചെറിയ ബലപ്രയോഗങ്ങളൊക്കെ നടക്കാറുണ്ട്. ഇതൊക്കെ മുന്നിൽ കണ്ടാണ് ഘാതക്ക് വിഭാഗത്തെ കൂടുതലായി ചൈനീസ് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്.

കർണാടക വാർത്തെടുക്കുന്ന ഘാതക്ക്

കൊലയാളി അഥവാ മാരകമെന്ന അർത്ഥമുള്ള ഘാതക്ക് നിസാരക്കാരല്ല . ശത്രുവിനെ മാരകമായി പ്രഹരമേൽപ്പിക്കുവാൻ കഴിയുന്ന രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ധീരൻമാരുടെ കൂട്ടമാണിത്. കർണാടകയിലെ ബെൽഗാമിലാണ് ഘാതക്ക് കമാൻഡോകളെ വാർത്തെടുക്കുന്നത്.

ഒന്നരമാസക്കാലത്തെ കഠിനമായ പരിശീലനമാണ് ഇവർക്ക് ലഭിക്കുന്നത്. സൈന്യത്തിന്റെ എല്ലാ യൂണിറ്റിലും ഘാതക്ക് കമാൻഡോകളുടെ സാന്നിദ്ധ്യമുണ്ടാവും. അപ്രതീക്ഷിത സാഹചര്യത്തിൽ മിന്നൽ പിണരായി ആഞ്ഞടിക്കാൻ ഇവർക്കാകും. 35 കിലോഗ്രാം ഭാരവും വഹിച്ച് നാൽപ്പത് കിലോമീറ്റർ നിർത്താതെ ഓടുന്നതടക്കമുള്ള കഠിന പരിശീലനമാണ് ഇവരെ കരുത്തരാക്കുന്നത്. ഇതു കൂടാതെ പരിശീലന ശേഷവും കമാൻഡോകൾക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പ്രദേശങ്ങളിൽ കഠിന പരിശീലനം തുടരും, അവിടത്തെ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനും, മലനിരകളിലടക്കം എളുപ്പത്തിൽ കയറി ഇറങ്ങാനുമുള്ള പരിശീലനമാണ് ലഭിക്കുന്നത്. ഇതു പോലെ മരുഭൂമി പ്രദേശങ്ങളിൽ വച്ചും വ്യത്യസ്ത പരിശീലനം നൽകുന്നുണ്ട്. ഓരോ സൈനിക യൂണിറ്റിലും ഘാതക്ക് വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

ഗൽവാനിലെ രക്തരൂക്ഷിത തർക്കത്തിന് ശേഷം ഇരു പക്ഷവും ആയുധ ബലവും, ആൾ ബലവും കൂട്ടുന്നുണ്ട്. ആയോധന കലകളിൽ പ്രാവീണ്യമുള്ളവരെ കൂടുതൽ അയക്കുവാൻ ചൈന തീരുമാനിച്ചതായി വാർത്തകൾ പുറത്തു വരുമ്പോഴും ഘാതക്കിന്റെ ബലത്തിൽ ഇത് മറികടക്കാനാവും എന്ന് സൈന്യത്തിന് ശുഭപ്രതീക്ഷയുണ്ട്.