terror-attack-

കറാച്ചി: പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽഉണ്ടായ വെടിവയ്പ്പിൽ സാധാരണക്കാരായ രണ്ടുപേർ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തിൽ അക്രമം നടത്തിയ നാലുഭീകരരെ വധിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും സുരക്ഷാ ജീവനക്കാരനും ഉൾപ്പെടെ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് കറാച്ചിയിലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരുസംഘം ആയുധധാരികളെത്തി വെടിവയ്പ്പ് നടത്തിയത്.

ഭീകരർ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രധാന ഗേറ്റിൽ ഗ്രനേഡ് എറിഞ്ഞ് ഭീകാരന്തരീക്ഷം സൃഷ്ടിച്ച ശേഷം കെട്ടിടത്തിനുള്ളിലേക്ക് കടക്കുകയായിരുന്നു. ഉടൻതന്നെ സുരക്ഷാസേന കെട്ടിടം വളഞ്ഞ് പ്രത്യാക്രമണം നടത്തി. അതേസമയം,​ മരണനിരക്ക് ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. മറ്റ് പല സ്വകാര്യ ബാങ്കുകളുടെ ആസ്ഥാന മന്ദിരങ്ങളും ഈ കെട്ടിടത്തിലുണ്ട്. സിന്ധ് പ്രവിശ്യാ ഗവർണർ ഇമ്രാൻ ഇസ്മായിൽ സംഭവത്തെ അപലപിച്ച് ട്വീറ്റ് ചെയ്തു. പാക് സുരക്ഷാസേന പ്രദേശത്തെ നിയന്ത്രണം ഏറ്റെടുത്തു. സിൽവർ നിറത്തിലുള്ള കൊറോള കാറിൽ എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് കറാച്ചി പൊലീസ് ചീഫ് ഗുലാം നബി മേമൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.

ഒരു മാസത്തിനുള്ളിൽ രണ്ടാംതവണ

വടക്കൻ സിന്ധ് പ്രവിശ്യയിൽ ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ ആക്രമണമാണിത്. ഈ മാസം ആദ്യം വടക്കൻ സിന്ധിൽ തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് സൈനികർ ഉൾപ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്.

♦ " ഭീകരതയ്‌ക്കെതിരായ ഞങ്ങളുടെ നിരന്തരമായ യുദ്ധത്തെ കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പി‌എസ്‌എക്‌സിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെ ജീവനോടെ പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ഐജിക്കും സുരക്ഷാ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തു വിലകൊടുത്തും ഞങ്ങൾ സിന്ധിനെ സംരക്ഷിക്കും." - ഇമ്രാൻ ഇസ്മായിൽ,​ സിന്ധ് പ്രവിശ്യാ ഗവർണർ