സോഷ്യൽ മീഡിയ യുഗത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. എന്തിനും ഏതിനും സമൂഹമാദ്ധ്യമങ്ങളെ ആശ്രയിക്കുന്ന തലത്തിലേയ്ക്ക് ഇന്നത്തെ തലമുറ മാറി കഴിഞ്ഞു. സന്താഷം വന്നാലും, സങ്കടം വന്നാലും, ദേഷ്യം വന്നാലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ലൈക്കുകളും, കമ്മന്റുകളും, ഷെയറുകളും വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് ന്യൂ ജനറേഷൻ. ചെറു പ്രായത്തിൽ തന്നെ സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം പല ആപത്തുകൾക്കും വഴിയൊരുക്കും. അതിനാൽ ഫേസ്ബുക്ക് ഉപയോഗിക്കാതിരിക്കലല്ല മറിച്ച് വിവേകത്തോടെ ഉപയോഗിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.
ഫേസ്ബുക്ക് ഉപയോഗിക്കും മുമ്പ്
ഫേസ്ബുക്ക് പോലുള്ള എല്ലാ സമൂഹമാദ്ധ്യമങ്ങളിലും നമ്മുടെ പ്രവർത്തികൾ നിരന്തരമായി രേഖപ്പെടുത്തുന്നുണ്ട്.
ക്ളിയർ ചാറ്റ് ചെയ്ത ശേഷം മെസേജുകളെല്ലാം ഡിലീറ്റായെന്നുള്ള ധാരണ തെറ്റാണ്. ഡിലീറ്റ് ചെയ്ത മെസ്സേജുകൾ വീണ്ടെടുക്കാനുള്ള സോഫ്റ്റവെയറുകൾ ധാരാളമാണ്.
സ്വകാര്യ വിവരങ്ങൾ ഒരു കാരണവശാലും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.
അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ പരമാവധി ഒഴിവാക്കുക.
ദേഷ്യമൊ സങ്കടമൊ വരുന്ന സമയത്ത് സമൂഹമാദ്ധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.
സ്മാർട്ട് ഫോണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കണം. അവശ്യ സന്ദേശങ്ങൾ കൈമാറുന്നതിന് ബേസ് മോഡൽ ഫോണുകൾ ഉപയോഗിക്കുക.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
സമൂഹമാദ്ധ്യമങ്ങളുടെ ഉപയോഗം മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
കുട്ടികൾക്ക് ആവശ്യമില്ലാത്ത സൈറ്റുകൾ ബ്ളോക്ക് ചെയ്തു വയ്ക്കാൻ ശ്രമിക്കുക.
അമിതമായ മൊബൈൽ ഉപയോഗത്തിൽ ക്ഷുഭിതരായി ഫോൺ പിടിച്ചു വാങ്ങുകയോ, അമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യരുത്. അവശ്യമെങ്കിൽ ഒരു കൗൺസിലറുടെ സഹായത്തോടെ കുട്ടിയെ കൗൺസിലിംഗ് ചെയ്യാം.
കുട്ടികൾക്കൊപ്പം കുറഞ്ഞത് അരമണിക്കൂറെങ്കിലും സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം.
അദ്ധ്യാപകരറിയാൻ
പഠന വിഷയങ്ങളിൽ നിന്നും മാറി കുട്ടികളുമായി സാമൂഹ്യ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അദ്ധ്യാപകർ ഇടയ്ക്കൊക്കെ സമയം കണ്ടെത്തണം.
തീരുമാനങ്ങളെടുക്കാനുള്ള ശേഷി, വികാരങ്ങളുമായി പൊരുത്തപ്പെടാനുള്ള മനോഭാവം, ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാനുള്ള മനോഭാവം എന്നിവ അദ്ധ്യാപകരാണ് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത്.
ഓരോ കുട്ടികളെയും അടുത്തറിയാൻ അദ്ധ്യാപകർ ശ്രമിക്കണം.
ഉയർന്ന വിജയം നേടുന്നതിനൊപ്പം മാനസിക പക്വത കൈവരിക്കാനുള്ള മാർഗ്ഗങ്ങളും മനസ്സിലാക്കി കൊടുക്കണം.
കുട്ടികളിലെ അസ്വാഭാവിക മാറ്റങ്ങൾ നിർബന്ധമായും മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തണം..