കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സമ്പദ്ഞെരുക്കത്തിൽ നിന്ന് കരകയറാൻ എം.എസ്.എം.ഇകൾക്കായി കേന്ദ്രസർക്കാർ ആത്മനിർഭർ പാക്കേജിൽ പ്രഖ്യാപിച്ച പ്രത്യേക വായ്‌പയിലൂടെ ഇതുവരെ സംരംഭകർ നേടിയത് ഒമ്പത് ശതമാനം തുക മാത്രം. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം പ്രകാരം (ഇ.സി.എൽ.ജി.എസ്) പ്രകാരം മൊത്തം മൂന്നുലക്ഷം കോടി രൂപയുടെ വായ്‌പാസഹായമാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഇതിൽ, ജൂൺ 22വരെ വിതരണം ചെയ്‌തത് 7.1 ലക്ഷം സംരംഭകർക്കായി 32,894 കോടി രൂപയാണ്.
അതേസമയം, ഇതുവരെ മൊത്തം 17 ലക്ഷം സംരംഭകർക്കായി 75,426 കോടി രൂപയുടെ വായ്‌പാ അനുമതി ബാങ്കുകൾ നൽകിയിട്ടുണ്ട്. എന്നാൽ, വായ്‌പ വിതരണം ചെയ്യുന്നത് മന്ദഗതിയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ, പദ്ധതിയുടെ പ്രയോജനം നേടിയ 7.1 ലക്ഷം സംരംഭകർക്ക് ലഭിച്ച ശരാശരി തുക 4.62 ലക്ഷം രൂപയാണ്. ലോക്ക്ഡൗണിൽ എം.എസ്.എം.ഇകൾ നേരിട്ട സമ്പദ്‌പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര ധനസഹായം എന്ന നിലയ്ക്കാണ് പ്രത്യേക വായ്പ കേന്ദ്രം പ്രഖ്യാപിച്ചത്.
യോഗ്യരായ സംരംഭകരെ ബാങ്കുകളിൽ നിന്ന് നേരിട്ട് വിളിച്ച് വായ്പക്കാര്യം അറിയിക്കുന്നുമുണ്ട്. നിലവിൽ കുറഞ്ഞത് 25 കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുള്ളവരും പരമാവധി 100 കോടി രൂപ വിറ്റുവരവും ഉള്ളവരാണ് വായ്പയ്ക്ക് യോഗ്യർ. നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് പ്രത്യേക വായ്‌പയിലൂടെ ലഭിക്കുക. മൊത്തം 45 ലക്ഷം സംരംഭകർക്ക് പ്രത്യേക വായ്പയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തിയത്.
എന്നാൽ, നിലവിലെ വായ്‌പയുടെ 20 ശതമാനം തുകയേ ലഭിക്കൂ എന്നത്, പദ്ധതിയുടെ നേട്ടം ലഭിക്കുന്നതിൽ നിന്ന് ഒട്ടേറെ സംരംഭകരെ അകറ്രുന്നുണ്ട്. ഒരു സംരംഭകന്റെ നിലവിലെ വായ്‌പാ ബാദ്ധ്യത 15,000 രൂപ മാത്രമാണെങ്കിൽ അതിന്റെ 20 ശതമാനമായ 3,000 രൂപയേ അദ്ദേഹത്തിന് ലഭിക്കൂ. ലോക്ക്ഡൗണിൽ നേരിട്ട കനത്ത പ്രതിസന്ധി മറികടക്കാൻ ഈ തുക തികയില്ലെന്ന വിലയിരുത്തലാണ്, സംരംഭകരെ നിരുത്സാഹപ്പെടുത്തുന്നത്.
വായ്പയും വിതരണവും
₹3 ലക്ഷം കോടി
വായ്‌പയിലൂടെ മൊത്തം വിതരണം ചെയ്യാൻ ലക്ഷ്യമിടുന്ന തുക.
₹75,426 കോടി
ഇതുവരെ ബാങ്കുകൾ അനുവദിച്ചത് 17 ലക്ഷം സംരംഭകർക്കായി 75,426 കോടി രൂപ.
പൊതുമേഖലാ ബാങ്കുകൾ : ₹42,739 കോടി
സ്വകാര്യ ബാങ്കുകൾ : ₹32,687 കോടി
₹35,894 കോടി
ഇതുവരെ ബാങ്കുകൾ വിതരണം ചെയ്‌തത് 7.1 ലക്ഷം സംരംഭകർക്കായി 32,896 കോടി രൂപ.
പൊതുമേഖലാ ബാങ്കുകൾ : ₹22,197 കോടി
സ്വകാര്യ ബാങ്കുകൾ : ₹10,697 കോടി