വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിൽ ലോകത്തെ ഞെട്ടിച്ച് അമേരിക്കയും ബ്രസീലും മുന്നേറുന്നു. അമേരിക്കയിൽ 39,000ത്തിലധികം പേർക്കും ബ്രസീലിൽ 28,000ത്തിലധികം പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 6000ത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച് റഷ്യയും ദക്ഷിണാഫ്രിക്കയും തൊട്ടുപിന്നിലുണ്ട്. അമേരിക്കയിൽ 26,37,077 ലക്ഷത്തിലധികമാണ് ആകെ രോഗികൾ. മരണം - 1,28,437 ലക്ഷം. ബ്രസീലിൽ ആകെ രോഗികൾ - 13,45,254 ലക്ഷം. മരണം - 57,658 .മരണനിരക്കിൽ ബ്രിട്ടനാണ് മൂന്നാമത്, 43,550. റഷ്യയിൽ ഇന്നലെ പ്രതിദിന മരണം 100ലും താഴെയാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണം - 9,166. രോഗികൾ - ആറ് ലക്ഷത്തിലധികം.അതേസമയം, ലോകത്തെ ആകെ രോഗികളുടെ എണ്ണം 10,267,027 ലക്ഷം കടന്നു. മരണം 5,04,754 ലക്ഷം കവിഞ്ഞു. ഇതുവരെ 55,68,222 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. ആകെ മരണത്തിന്റെ മൂന്നിൽ രണ്ടും അമേരിക്കയിലും യൂറോപ്പിലുമാണ്.
ബ്രിട്ടനിൽ മരിച്ചത് 763 ഇന്ത്യക്കാർ
ബ്രിട്ടനിൽ കൊവിഡ് ബാധിച്ചവരിൽ 763 ഇന്ത്യൻ വംശജർ. ബ്രിട്ടനിലെ കൊവിഡ് മരണങ്ങളിൽ മൂന്ന് ശതമാനം ഇന്ത്യക്കാരാണെന്ന് നാഷനൽ ഹെൽത്ത് സർവിസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യക്കാർ അടക്കം വംശീയ ന്യൂനപക്ഷങ്ങളിൽ രോഗം ഇപ്പോഴും വ്യാപിക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്. അതിനിടെ, കിഴക്കൻ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇന്ത്യക്കാർ വളരെ കൂടുതലുള്ള ലെസ്റ്ററിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്ന വിവരം ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് സ്ഥിരീകരിച്ചത്. കൊവിഡ് മരണങ്ങളും രോഗികളും കുറഞ്ഞതിനെ തുടർന്ന് ഇവിടെ ലോക്ഡൗണിൽ ഇളവ് വരുത്തുകയും ബാറുകളും റസ്റ്റാറന്റുകളും തിയറ്ററുകളും പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നു.
ഇന്ത്യൻ വംശജർക്ക് തിരിച്ചടി
കൊവിഡ് മഹാമാരി അമേരിക്കയിലെ ഇന്ത്യൻ വംശജരെ സാമ്പത്തികമായും ആരോഗ്യപരമായും ബാധിച്ചതായി സർവേ. ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് ആണ് സർവേ നടത്തിയത്. അഞ്ചിൽ രണ്ട് ഇന്ത്യക്കാരും ദീർഘകാല സാമ്പത്തിക പദ്ധതികളെയും സ്ഥിരതയെയും കൊവിഡ് ബാധിച്ചതായി സമ്മതിച്ചു. ഇന്ത്യൻ വംശജരിൽ 30 ശതമാനത്തിനും ശമ്പളത്തിലും കുറവുണ്ടായി. സർവേയിൽ പങ്കെടുത്ത ആറുപേരിൽ ഒരാൾക്ക് കൊവിഡ് ബാധിക്കുകയോ കുടുംബത്തിൽ ആർക്കെങ്കിലും രോഗമുണ്ടാകുകയോ ചെയ്തിട്ടുണ്ട്.