നാഗ്പൂർ: ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ബി.ജെ.പി. നേതാവിന്റെ മകന്റെ ഹാര്‍ലി ഡേവിഡ്സൺ ബൈക്കോടിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസിനോട് അടുപ്പമുള്ള വൃത്തങ്ങള്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും അവർ വിശദീകരിച്ചു.
ബൈക്കുകളോടും ക്യാമറകളോടും ഏറെ താത്പര്യമുള്ള വ്യക്തിയാണ് ബോബ്ഡെ.വിരമിച്ച ശേഷം ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നുമുണ്ട്. നാഗ്പൂര്‍ രാജ്ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോൾ തൊട്ടടുത്തുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ഷോറൂം അദ്ദേഹം സന്ദർശിച്ചു. ഇൗ സമയം ലിമിറ്റഡ് എഡിഷനായ 'സിവിഓ 2020' അദ്ദേഹത്തിന് ടെസ്റ്റ് റൈഡിന് നല്‍കി. എന്നാൽ അദ്ദേഹം അത് ഒാടിക്കാതെ അതിൽ കയറി ഇരുന്നു. ആ ബൈക്ക് ആരുടേതാണെന്നുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ബോബ്ഡെ ബൈക്കിലിരിക്കുന്നതുകണ്ട് ഷോറൂമിലുണ്ടായിരുന്നയാൾ ചിത്രം പകർത്തുകയായിരുന്നു. ഇയാൾ ഷോറൂം ജീവനക്കാരനാണോ എന്നും വ്യക്തമല്ലെന്നാണ് അടുപ്പക്കാർ പറയുന്നത്.ഇയാൾ പകർത്തിയ ചിത്രമാണ് വൈറലായത്. അതോടെ ബോബ്ഡെയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു.