കൊച്ചി : സിനിമാതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഘം സിനിമ മേഖലയിലെ കൂടുതൽ പേരെ ലക്ഷ്യം വച്ചതായി സൂചന. ഇവർക്ക് സിനിമാ മേഖലയിലുള്ളവരുടെ പിന്തുണ കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നു. ബ്ളാക്ക്‌മെയിൽ കേസിൽ കഴിഞ്ഞ ദിവസം മുഖ്യപ്രതി അടക്കം അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്ത പൊലീസിന് നിർണായക വിവരങ്ങളാണ് ലഭിച്ചത്. പ്രതികൾക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളിൽ ഒരാൾ സിനിമാതാരം ധർമ്മജൻ ബോൾഗാട്ടിയെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് താരത്തെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തു.
കൊച്ചി കമ്മിഷണർ ഓഫിസിൽ നേരിട്ടെത്തി ചോദ്യം ചെയ്യലിന് വിധേയമായ ശേഷം ധർമ്മജൻ മാദ്ധ്യമങ്ങളോട് സംസാരിച്ചു. തന്റെ നമ്പരിൽ തട്ടിപ്പ് സംഘം വിളിച്ചെന്ന് പറഞ്ഞ ധർമ്മജൻ ഷംനയുടെയും മിയയുടെയും നമ്പരുകൾ തന്നോട് ചോദിച്ചുവെന്നും വെളിപ്പെടുത്തി. തട്ടിപ്പ് സംഘം തന്നെയും കുടുക്കാൻ ശ്രമിച്ചുവെന്നാണ് ധർമ്മജൻ ആരോപിക്കുന്നത്. തന്റെ നമ്പർ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയിൽ നിന്നുമാണ് സംഘത്തിന് ലഭിച്ചത്. ഷംനയുടെ നമ്പർ തട്ടിപ്പുകാർക്ക് ലഭിക്കണമെങ്കിൽ പ്രതികൾക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടാവുമെന്ന് ഷംനയുടെ മാതാവ് ആരോപിച്ചിരുന്നു. കൊവിഡ് കാലത്തും കൊച്ചി പൊലീസ് അതിവേഗം അന്വേഷണ നടപടികൾ പൂർത്തിയാക്കുകയാണ്.
വിവാഹാലോചനയുമായിട്ടാണ് തട്ടിപ്പ് സംഘം ഷംനയുടെ കുടുംബത്തിനോട് അടുത്തത്. എന്നാൽ പിന്നാലെ സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. സിനിമാ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്ന ചാവക്കാട് സ്വദേശിയായ ഹെയർ സ്റ്റൈലിസ്റ്റിൽ നിന്നുമാണ് സംഘം സിനിമാതാരങ്ങളുമായി അടുപ്പമുണ്ടാക്കിയതെന്നാണ് മനസിലാക്കുന്നത്. അതേ സമയം ഷംന കാസിം പൊലീസിൽ പരാതി നൽകിയതോടെ നിരവധി യുവതികളാണ് തട്ടിപ്പ് സംഘത്തിനെതിരെ പരാതി നൽകാൻ മുന്നോട്ട് വന്നിട്ടുള്ളത്. സംഘത്തിന് സ്വർണ കടത്തുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണം മുന്നോട്ടു പോകുന്തോറും തട്ടിപ്പിന്റെ വ്യാപ്തിയും കൂടുകയാണ്.