rafeal

ന്യൂഡൽഹി: റഫാൽ വിമാനങ്ങളുടെ വിതരണം വേഗത്തിലാക്കണമെന്നുള‌ള വായുസേനയുടെ 'പ്രത്യേക അഭ്യർത്ഥന' സ്വീകരിച്ച് ഫ്രാൻസ്. യുദ്ധ വിമാനത്തിന്റെ വിതരണം ത്വരിതഗതിയിലാക്കാമെന്ന് സേനക്ക് ഫ്രാൻസ് ഉറപ്പ് നൽകി. 36 റഫാൽ വിമാനങ്ങളിൽ നാലെണ്ണമാണ് ജുലായ് 27 ന് വായുസേനയുടെ അംബാലയിലെ സ്റ്റേഷനിൽ എത്തേണ്ടത്. 2021 ഫെബ്രുവരിയോടെ 18 എണ്ണവും ബാക്കിയുള‌ളവ 2022 ഏപ്രിൽ-മേയ് മാസങ്ങളിൽ വിതരണം ചെയ്യാനുമാണ് തീരുമാനിച്ചിരിക്കുന്നത്. വൈകാതെ ആറ് വിമാനങ്ങൾ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇന്ത്യ-ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ ഉൾപ്പടെയുള‌ള കാരണങ്ങളാലാണ് വായുസേന നടപടികൾ വേഗമാക്കാൻ അഭ്യർത്ഥിച്ചത്.

2016 സെപ്റ്റംബറിലാണ് ഇന്ത്യ 59000 കോടിയുടെ റഫാൽ കരാർ ഫ്രാൻസുമായി ഏർപ്പെട്ടത്. 36 റഫാൽ വിമാനങ്ങളാണ് കരാർ പ്രകാരം വാങ്ങുക. നിലവിൽ പത്തോളം വിമാനങ്ങളുടെ നിർമ്മാണം ഏകദേശം പൂർത്തിയായതായി വായുസേനയ്ക്ക് അറിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവയിൽ ചിലത് വായുസേനയുടെ പൈലറ്റുമാർക്ക് ഫ്രാൻസിലെ പരിശീലനത്തിനായി ഉപയോഗിക്കേണ്ടതിനാൽ ഇന്ത്യയിലേക്ക് ഉടനെ എത്തിക്കില്ല. ആദ്യ ഘട്ടം മാത്രമല്ല തുടർന്നുള‌ള വിമാനങ്ങളുടെ നിർമ്മാണവും ത്വരിത ഗതിയിലാക്കും.

റഫേൽ വിമാനങ്ങളിൽ ആദ്യത്തെതിന്റെ കൈമാറ്റ ചടങ്ങ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്നിരുന്നു. ഫ്രഞ്ച് പ്രതിരോധ മന്ത്രി യുദ്ധവിമാനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കൈമാറി. നിലവിൽ സംഘർഷ സാധ്യത നിലനിൽക്കുന്നയിടങ്ങളിൽ ഇന്ത്യയും ചൈനയും യുദ്ധ സന്നാഹം ഒരുക്കിയിട്ടുണ്ട്. യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, ഹെലികോപ്ടറുകൾ,മിസൈലുകൾ മറ്റ് യുദ്ധ ഉപകരണങ്ങൾ എന്നിവ ഇന്ത്യ തയ്യാറാക്കി കഴിഞ്ഞു. ഡസാൾട്ട് ഏവിയേഷൻ എന്ന ഫ്രഞ്ച് കമ്പനിയാണ് റഫാൽ വിമാനങ്ങൾ നിർമ്മിക്കുന്നത്.