മ്യൂണിക്ക് : കൊവിഡിന്റെ ഇടവേള കഴിഞ്ഞ യൂറോപ്യൻ ഫുട്ബാൾ സീസൺ വീണ്ടും സജീവമായതോടെ ഇൗ സീസണിൽ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുക ആരെന്നതിലെ മത്സരവും ആവേശകരമായി. കഴിഞ്ഞ ദിവസം സമാപിച്ച ബുണ്ടസ് ലിഗയിലെ ബയേൺ മ്യൂണിക്ക് താരം റോബർട്ടോ ലെവാൻഡോവ്സ്കിയാണ് ഗോൾഡൻ ബൂട്ടിനായുള്ള പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്ത്.ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സിഗിന്റെ തിമോ വെർണർ, ലാസിയോയുടെ സിറോ ഇമ്മൊബൈൽ, ബൊറൂഷ്യ ഡോർട്ട്മുണ്ടിന്റെ എർലിംഗ് ഹാലണ്ട്, യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ലെവാൻഡോവ്സ്കിക്ക് പിന്നിലുള്ളത്.
ജർമ്മൻ ലീഗിലെ 32 മത്സരങ്ങളും കഴിഞ്ഞപ്പോൾ 34 ഗോളും 68 പോയിന്റുമായാണ് ലെവൻഡോവ്സ്‌കി ഏറെ മുന്നിൽ നിൽക്കുന്നത്.
തിമോ വെർണർക്ക് 28 ഗോളുകളും 56 പോയിന്റുമുണ്ട്.
സിറോ ഇമ്മൊബൈലിനും 28 ഗോളുകളും 56 പോയിന്റും തന്നെ.
29 ഗോളുകളും 50 പോയിന്റുമായി എർലിങ് ഹാലണ്ടാണ് ഇവർക്കു പിന്നിൽ.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 23 ഗോളുകളും 46 പോയിന്റുമുണ്ട്.
കഴിഞ്ഞ മൂന്നുവട്ടം പുരസ്‌കാരം നേടിയ ബാഴ്സലോണയുടെ ലയണൽ മെസി 21 ഗോളുകളും 42 പോയിന്റുമായി ആറാം സ്ഥാനത്താണ്.
അവസാന പത്തു കളികളിൽ ഏഴുഗോൾ നേടിയാൽ വെർണർക്കും ഇമ്മൊബൈലിനും ലെവൻഡോവ്സ്‌കിയെ മറികടക്കാം. ക്രിസ്റ്റ്യാനോയ്ക്ക് 12 ഗോൾ വേണം. മെസ്സിക്കാവട്ടെ ആറ് കളിയിൽ 14 ഗോൾ നേടണം.
ഗോൾഡൻ ബൂട്ടു കിട്ടാൻ
പ്രമുഖമായ അഞ്ച് ലീഗുകളിൽ നേടുന്ന ഗോളുകൾക്ക് രണ്ട് പോയിന്റ് വീതവും ബാക്കി ലീഗുകളിലെ ഗോളുകൾക്ക് 1.5 പോയിന്റ് വീതവുമാണ് ഗോൾഡൻ ബൂട്ടിനായി പരിഗണിക്കുമ്പോൾ നൽകുന്നത്. ഹാലണ്ട് സാൽസ്ബർഗിന് നേടിയ 16 ഗോളുകൾക്ക് 24 പോയിന്റും ഡോർട്ട്മുണ്ടിന് നേടിയ 13 ഗോളുകൾക്ക് 26 പോയിന്റും ലഭിച്ചു.
ബുണ്ടസ് ലിഗ പോരാട്ടങ്ങൾ പൂര്‍ത്തിയായപ്പോൾ സ്പാനിഷ് ലാ ലിഗ, ഇറ്റാലിയന്‍ സെരി എ ലീഗുകളിലെ താരങ്ങളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കളിക്കാർ പോരാട്ടത്തിൽനിന്ന് പിന്തള്ളപ്പെട്ടു. ഫ്രഞ്ച് ലീഗ് നേരത്തെ അവസാനിപ്പിച്ചു.