conversion-

ഇസ്ളാമാബാദ് : നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ കുപ്രസിദ്ധിയാർജിച്ച പാകിസ്ഥാനിൽ വീണ്ടും കൂട്ട മതംമാറ്റം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിൽ ഒരു ഗ്രാമത്തിലെ നൂറ്റിരണ്ട് ഹിന്ദുക്കൾ ഇസ്ളാം മതം സ്വീകരിച്ചു. ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഹിന്ദു വിശ്വാസം ത്യജിച്ചതോടെ ഇവർ പ്രാർത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നു ദേവാലയം പള്ളിയാക്കിമാറ്റി. ഇതിന് മുന്നോടിയായി ഹൈന്ദവാരാധനയ്ക്കായി പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. ദേശീയ മാദ്ധ്യമമായ ടൈംസ് നൗവാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാകിസ്ഥാനിൽ ന്യൂനപക്ഷമായ ഹിന്ദു,ക്രിസ്ത്യൻ വിഭാഗങ്ങളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതു കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്ത ശേഷം മതപരിവർത്തനം നടത്തുന്നതും സിന്ധ് പ്രവിശ്യയിൽ സാധാരണമാണ്. നിയമങ്ങളെ നോക്കുകുത്തിയാക്കിയുള്ള ഇത്തരം നടപടികളെ തടയുന്നതിന് പാക് ഭരണകൂടവും തയ്യാറാകുന്നില്ല. എന്നാൽ ഇത്തവണ വലിയൊരു സംഘമാണ് മതപരിവർത്തനത്തിന് വിധേയമായിരിക്കുന്നതെന്ന് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.