തിരുവനന്തപുരം: നിയമന വിവാദം മുറുകുന്നതിനിടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്‌സണായി കെ. വി. മനോജ് കുമാര്‍ ചുമതലയേറ്റു. മുന്‍ സഹകരണ ഓംബുഡ്സ്മാന്‍, റബ്‌കോ ലീഗല്‍ അഡ്വൈസര്‍, തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.മെയ് 31ന് പി. സുരേഷ് കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.രണ്ട് ജില്ലാ ജഡ്ജിമാരുള്‍പ്പെടെയുള്ള പ്രഗത്ഭരെ മറികടന്നാണ് മനോജ് കുമാറിന്റെ നിയമനം. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് സ്‌കൂള്‍ പിടിഎ അംഗവും സി.പി.എംകാരനുമായ മനോജ് കുമാറിനെ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.
മന്ത്രി കെ കെ ശൈലജ നേതൃത്വം നല്‍കിയ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ തെരഞ്ഞെടുത്തത്.കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ പരിചയം, ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ തുടങ്ങിയവയായിരുന്നു മുമ്പൊക്കെ ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുഖ്യ യോഗ്യതകള്‍. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ ഈ യോഗ്യതകളെല്ലാം മാറ്റിമറിച്ചുകൊണ്ടാണ് അഭിമുഖവും നിയമനവും നടത്തിയത്.ചീഫ് സെക്രട്ടറി റാങ്കില്‍ ശമ്പളം ലഭിക്കുന്ന അര്‍ദ്ധ ജൂഡീഷ്യല്‍ അധികാരമുള്ള പദവിയാണ് ബാലാവകാശ കമ്മീഷന്റേത്.
വിവാദങ്ങൾ തുടരുന്നതിനിടെ മനോജ് കുമാറിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയാണു മനോജ് കുമാറിനെ തെരഞ്ഞെടുത്തതെന്ന ആരോപണം ചൂണ്ടിക്കാണിച്ചപ്പോള്‍ മനോജ് കുമാര്‍ പരമയോഗ്യനും നല്ല ചുറുചുറുക്കുള്ളയാളുമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.