കൃഷി ചെയ്യാൻ ഭൂമിയിൽ ഇടമില്ലാത്തൊരവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടൊ? അങ്ങനെയൊരവസ്ഥ വന്നാൽ എന്തു ചെയ്യും? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വെർട്ടിക്കൽ ഫാം. കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച്, ബഹുനിലകളിലായി കാർഷിക വിളകൾ ഉത്പാദിപ്പിക്കുന്ന രീതിയാണ് വെർട്ടിക്കൽ ഫാമുകൾ. കൃഷിക്കാവശ്യമായ, പ്രകാശം, പോഷകങ്ങൾ, ചൂട് എന്നിവയെല്ലാം കൃത്രിമമായാണ് സൃഷ്ടിക്കുന്നതെന്ന് മാത്രം. ജലം, മണ്ണ്, സൂര്യപ്രകാശം എന്നിവ പരമാവധി ഒഴിവാക്കിയാണ് ക്രിത്രിമമായ ഈ കൃഷിയിടങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. കെട്ടിടങ്ങൾക്കകത്ത് പോലും ഈ കൃഷി രീതി അവലംമ്പിക്കാൻ സാധിക്കും. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്സ്, സൂര്യ പ്രകാശത്തിനു പകരം എൽ.ഇ.ഡി ലൈറ്റ്, വെള്ളത്തിന്റെ പുനരുപയോഗം എന്നിവ ഈ കൃഷിരീതിയുടെ പ്രത്യേകതയാണ്. ഇലച്ചെടികൾ മാത്രം കൃഷി ചെയ്തിരുന്ന ഈ കൃഷിരീതിയിൽ, വെെവിധ്യങ്ങളായ വിളകൾ കൃഷിചെയ്തു വരുന്നു. കൃഷി സാദ്ധ്യമല്ലാത്ത മഹാനഗരങ്ങളിൽ പോലും ഈ കൃഷി രീതി ഗുണകരമാണ്. എന്നാൽ ഗോതമ്പും അരിയും പോലുള്ള ധാന്യങ്ങളുടെ കൃഷിക്ക് ഈ രീതി ഗുണകരമല്ലെന്നത് പ്രധാന പോരായ്മയാണ്. സൂര്യപ്രകാശവും താപവും ഉപയോഗിച്ച് കൃഷി ചെയ്യുന്ന പോളിഹൗസുകളുടെ സ്വീകാര്യത വെർട്ടിക്കൽ ഫാമിന് ലഭിക്കില്ലെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.