മുംബയ് : 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിൽ നിന്ന് ഇന്ത്യൻ സീനിയർ താരങ്ങൾ മാറിനിൽക്കാൻ കാരണം അന്ന് ക്യാപ്ടനായിരുന്ന രാഹുൽ ദ്രാവിഡിന്റെ നിലപാടുകളായിരുന്നുവെന്ന് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ മാനേജറായിരുന്ന ലാൽചന്ദ് രജ്പുത്.
ബിഗ് ത്രീ എന്നറിയപ്പെട്ടിരുന്ന സച്ചിൻ,ദ്രാവിഡ്, ഗാംഗുലി എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യ അന്ന് ലോകകപ്പിന് ടീമിനെ അയച്ചത്.ഇവർ താനേ ഒഴിഞ്ഞു നിൽക്കുകയായിരുന്നുവെന്നും ദ്രാവിഡിന്റെ നിർദ്ദേശം അനുസരിക്കുകയായിരുന്നു സച്ചിനും ഗാംഗുലിയുമെന്നും രാജ്പുത്ത് പറഞ്ഞു.
സീനിയർ താരങ്ങൾ ആരുമില്ലാതെ ധോണിയെന്ന യുവതാരം നയിച്ച ചെറുപ്പക്കാരുടെ സംഘം ദക്ഷിണാഫ്രിക്കയിൽ നിന്നും കിരീടവുമായി മടങ്ങിയപ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു യുഗത്തിന്റെ തുടക്കമായിരുന്നു. യുവ്‌രാജ് സിംഗ്, രോഹിത് ശർമ, ഗൗതം ഗംഭീർ, റോബിൻ ഉത്തപ്പ, ശ്രീശാന്ത്,, ഇർഫാൻ പഠാൻ തുടങ്ങിയ യുവതാരങ്ങളെല്ലാം ചേർന്ന് സ്വപ്‌നതുല്യമായ കിരീട വിജയമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.
ടീം ലോകകപ്പ് ജയിച്ചപ്പോള്‍ തങ്ങൾ ഇനിയെന്ന് ലോകകപ്പ് നേടുമെന്ന് ദ്രാവിഡും കൂട്ടരും സങ്കടപ്പെട്ടിരിക്കാമെന്നും രാജ്പുത്ത് കൂട്ടിച്ചേർത്തു. ട്വന്റി 20 ലോകകപ്പിനായി കാര്യമായ പരിശീലനം ലഭിക്കാതെയാണ് ടീം കളിക്കാനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിനായി ടീമിന് അധിക സമയമൊന്നും ലഭിച്ചിരുന്നില്ല. അതിനു മുമ്പ് ഒരേയൊരു അന്താരാഷ്ട്ര ട്വന്റി 20 മത്സരം മാത്രമാണ് ടീം കളിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.