കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിമൂലം നടപ്പു സാമ്പത്തിക വർഷം (2020-21) സംസ്ഥാനങ്ങളുടെ വളർച്ചാനിരക്ക് (ജി.എസ്.ഡി.പി) നെഗറ്റീവ് 14.3 ശതമാനം വരെ ഇടിഞ്ഞേക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ചിന്റെ റിപ്പോർട്ട്. അസാം, ഗോവ, ഗുജറാത്ത്, സിക്കിം എന്നിവയുടെ ഇടിവ് നെഗറ്രീവ് പത്ത് ശതമാനത്തിലും മോശമായിരിക്കും. കേരളം, തമിഴ്നാട്, കർണാടക, ഒഡീഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണിന്റെ ആഘാതം ഏറ്റവുമധികം നേരിട്ടതെന്നും റിപ്പോർട്ടിലുണ്ട്.
മദ്ധ്യപ്രദേശ്, പഞ്ചാബ്, ബീഹാർ, ഉത്തർ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് ലോക്ക്ഡൗൺ സാരമായ ആഘാതമുണ്ടാക്കിയില്ല. നടപ്പുവർഷം നെഗറ്റീവ് 1.4 ശതമാനം മുതൽ നെഗറ്റീവ് 14.3 ശതമാനം ഇടിവാണ് വിവിധ സംസ്ഥാനങ്ങൾ രേഖപ്പെടുത്തുക. പോസീറ്റീവ് വളർച്ച ഒരു സംസ്ഥാനവും നേടില്ല. ആന്ധ്രപ്രദേശാണ് നെഗറ്റീവ് 1.4 ശതമാനം വളർച്ചയുമായി മുന്നിലെത്തുക. ഗോവയുടെ വളർച്ചാ പ്രതീക്ഷയാണ് നെഗറ്റീവ് 14.3 ശതമാനം. ഗുജറാത്ത് (നെഗറ്രീവ് 12.4 ശതമാനം), അസാം (-10.7 ശതമാനം), സിക്കിം (-10.9 ശതമാനം) എന്നിവയാണ് രണ്ടക്കത്തിനുമേൽ തളരുക.
കേരളത്തിന്
പ്രതീക്ഷ
-5.1%
നടപ്പു സാമ്പത്തിക വർഷം ഇന്ത്യാ റേറ്റിംഗ്സ് കേരളത്തിന് പ്രതീക്ഷിക്കുന്ന വളർച്ച നെഗറ്റീവ് 5.1 ശതമാനം.
ലോക്ക്ഡൗൺ
ആഘാതം
ലോക്ക്ഡൗണിന്റെ ആഘാതം ഏറ്രവും തീവ്രമായ അഞ്ചു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.
നികുതി വീഴ്ച
ലോക്ക്ഡൗണും കൊവിഡ് പ്രതിസന്ധിയും മൂലം നികുതി വരുമാനം കുത്തനെ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളമുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന, ഹരിയാന എന്നിവയാണ് തിരിച്ചടി നേരിടുള്ള മറ്റ് സംസ്ഥാനങ്ങൾ.
5.3%
നടപ്പുവർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്രീവ് 5.3 ശതമാനമായിരിക്കുമെന്ന് ഇന്ത്യാ റേറ്റിംഗ്സ് നേരത്തേ വിലയിരുത്തിയിരുന്നു.