belly-dancer

കെയ്റോ: സമൂഹമാദ്ധ്യമങ്ങളിലൂടെ അശ്ളീല വീഡിയോ പ്രദർശിപ്പിച്ചുവെന്നാരോപിച്ച് പ്രശസ്ത ഈജിപ്ഷ്യൻ നർത്തകിക്ക് ജയിൽ ശിക്ഷ. ഈജിപ്റ്റിലെ പ്രശസ്ത ബെല്ലി ഡാൻസർ സമ എൽ മസ്റിനാണ് കെയ്റോയിലെ കോടതി മൂന്നു വർഷത്തെ തടവിനും മൂന്നു ലക്ഷം ഈജിഷ്യൻ പൗണ്ട് (ഏകദേശം 14 ലക്ഷംരൂപ) പിഴയടയ്ക്കാനും വിധിച്ചത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യഭിചാരം പ്രോത്സാഹിപ്പിക്കും വിധമുള്ള വീഡിയോ പോസ്റ്റ് ചെയ്തുവെന്നാണ് 42കാരിയായ സമയ്ക്കു മേലുള്ള ആരോപണം.

കഴിഞ്ഞ ഏപ്രിലിലാണ് സമൂഹത്തെ അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതും, സദാചാരത്തിന് നിരക്കാത്തതുമായ വീഡിയോകൾ ഇന്റർനെറ്റിൽ പങ്കുവെച്ചു എന്നാരോപിച്ചുകൊണ്ട്‌ സമയെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ, തന്റെ ഫോണിലുണ്ടായിരുന്ന വീഡിയോ താനറിയാതെ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് സമ പറയുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി ടിക്ടോക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ളാറ്റ്ഫോം ഉപയോഗിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള കേസുകൾ ഈജിപ്റ്റിൽൽ വർദ്ധിക്കുകയാണ്. സമൂഹത്തെ തെറ്റായ വഴിയിലേക്ക് നടക്കാൻ ഇത്തരം വീഡിയോകൾ പ്രേരിപ്പിക്കുന്നുവെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. സ്വാതന്ത്ര്യവും വ്യഭിചാരവും തമ്മിൽ വ്യത്യാസമുണ്ടെന്നും രാജ്യത്ത് നിലനിൽക്കുന്ന കുടുംബ വ്യവസ്ഥിതിക്ക് എതിരായാണ് സമ പ്രവർത്തിച്ചതെന്നും താരത്തിനെതിരെ കേസ് നൽകിയ പാർലമെന്റ് അംഗം ജോൺ തലാത്ത് പറയുന്നു. അതേസമയം, താൻ നിരപരാധിയാണെന്നും വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീലിന് പോകും എന്നും സമ പ്രതികരിച്ചു.