robort

തിരുവല്ല: ഇരവിപേരൂർ കൊട്ടയ്ക്കാട് ആശുപത്രിയിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിൽ രോഗികളെ പരിചരിക്കാനായി ഇന്നലെ ആശയും സാഫിയും 'ചാർജെടുത്തു". രണ്ടുപേർക്കും ശമ്പളമൊന്നും വേണ്ട. ഒരു തവണ ചാർജ് ചെയ്താൽ മണിക്കൂറുകളോളം ഓടി നടന്നോളും ഈ മിടുമിടുക്കി റോബോട്ടുകൾ.

വള്ളംകുളം നാഷണൽ ഹൈസ്‌കൂളിലെ റോബോട്ടിക് ലബോറട്ടറിയിൽ നിന്നാണ് ഇരുവരുടെയും വരവ്.

രോഗികൾക്കുള്ള ഭക്ഷണവും മരുന്നും പുതപ്പുമെല്ലാം ഇനി ഇവർ നൽകും. ആശുപത്രിയുടെ രണ്ടുനിലകളിലായുള്ള നാല്പത് മുറികളിലും രോഗികളുണ്ട്. ഇവർക്കെല്ലാം ഇനി ആശയും സാഫിയുമായിരിക്കും കൂട്ട്.

രോഗികളുമായുള്ള സമ്പർക്കം കഴിയുന്നത്ര കുറയ്ക്കുന്നതിനെപ്പറ്റി ആരോഗ്യവകുപ്പ് ആലോചിച്ചപ്പോഴാണ് സ്കൂളിലെ റോബോട്ടുകളെപ്പറ്റി കേട്ടത്. ഉടൻ പ്രഥമാദ്ധ്യാപിക ആശാലതയുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.രാജീവ് ബന്ധപ്പെട്ടു. വിട്ടുനൽകാമെന്ന് അറിയിച്ചതോടെ റോബോട്ടുകളെ സ്കൂളിന് നൽകിയ തിരുച്ചറപ്പള്ളിയിലെ പ്രൊപ്പല്ലർ ടെക്‌നോളജീസിൽ നിന്ന് സാങ്കേതിക വിദഗ്ദ്ധരെ എത്തിച്ചു. ഇവർ ആശുപത്രികളിൽ പ്രവർത്തിക്കാൻ പാകത്തിൽ റോബോട്ടുകളെ മാറ്റിയെടുത്തു. വെറും 15,000 രൂപ ചെലവിലാണ് ഇവയെ കൊവിഡ് ഡ്യൂട്ടിക്ക് തയ്യാറാക്കിയത്.

ആരോഗ്യരംഗത്ത് ആശാ പ്രവർത്തകർ നടത്തുന്ന നിസ്വാർത്ഥ സേവനത്തിനു നൽകുന്ന ആദര സൂചകമായിട്ടാണ് ഒരു റോബോട്ടിന് ആശ എന്ന് പേരിട്ടത്. കേന്ദ്രസർക്കാരിന്റെ അടൽ ടിങ്കറിംഗ് പദ്ധതിപ്രകാരം ആറ് മാസം മുമ്പാണ് സ്കൂളിൽ ലാബ് തുടങ്ങിയത്. 1,30,000 രൂപയ്ക്കാണ്

അന്ന് രണ്ട് റോബോട്ടിനെയും വാങ്ങിയത്.

രോഗികളെ കാണാൻ കാമറ

ഡ്യൂട്ടി ഡോക്ടർക്കും ഡി.എം.ഒ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കും 15 മീറ്റർ വരെ അകലെയിരുന്ന് റോബോട്ടുകളെ നിയന്ത്രിക്കാനാകും.ബ്ലൂടൂത്തിന്റെ സഹായത്തോടെയാണ് നിയന്ത്രണം.

ഒാരോ മുറിയുടെയും മുന്നിലെത്തി രോഗികളെ പേരെടുത്ത് വിളിക്കും. വാതിൽ തുറക്കുമ്പോൾ സാധനങ്ങൾ നൽകും. വെറും നാലടി പൊക്കമേയുള്ളൂവെങ്കിലും എട്ടുകിലോയോളം വഹിക്കാം. ഡോക്ടർക്ക് രോഗികളെ കമ്പ്യൂട്ടർ സ്ക്രീനിലൂടെ കാണാനാകും. ഇതിനായി റോബോട്ടിൽ കാമറയും ഘടിപ്പിച്ചിട്ടുണ്ട്. രോഗികൾക്കും റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന സ്ക്രീനിലൂടെ ഡോക്ടറെ കണ്ട് സംസാരിക്കാനാകും. ഡ്യൂട്ടി കഴിഞ്ഞാൽ അണുവിമുക്തമാക്കും. തമിഴ്‌നാട്ടിലെ ചെന്നൈ സ്റ്റാലിൻ ഹോസ്പിറ്റൽ, തിരുനെൽവേലി ഗവ.മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും ഇത്തരം റോബോട്ടുകളുണ്ട്.