adrishyan-film

കൊച്ചി:വിഖ്യാത ചിത്രകാരനും സംവിധായകനുമായ എം.എഫ് ഹുസൈന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മനോജ് കെ വര്‍ഗ്ഗീസ് സ്വതന്ത്രസംവിധായകനാകുന്നു. 'അദൃശ്യന്‍' എന്ന മലയാള ചിത്രമാണ് മനോജ് കെ വര്‍ഗ്ഗീസ് സംവിധാനത്തിൽ ഒരുങ്ങുന്നത്.ജെസ് ജിത്തിന്റെ കഥയ്ക്ക് തിരക്കഥയും രചിക്കുന്നത് മനോജ് തന്നെയാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സിനിമയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

മരണത്തിനപ്പുറം മനുഷ്യശരീരത്തിന്റെ വിലയെന്തെന്ന ചോദ്യവും, സമൂഹത്തില്‍ നിന്ന് പലപ്പോഴായി അപ്രത്യക്ഷകരാകുന്ന വ്യക്തികളും, അവരുടെ അസാന്നിദ്ധ്യവും ആ വ്യക്തികളുടെ കുടുംബങ്ങളിലും, ഉറ്റവരിലും, സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് വ്യത്യസ്തമായ ആഖ്യാന അവതരണരീതിയില്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ലെസ്‌സി ഫിലിംസ് ഓസ്‌ട്രേലിയയുമായി സഹകരിച്ച് ഗുഡ്‌ഡെ മൂവീസിന്റെ ബാനറില്‍ എ എം ശ്രീലാല്‍ പ്രകാശം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമ രംഗത്തെ മുഖ്യാധാര അഭിനേതാക്കളും പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തും. സ്‌പൈഡര്‍മാന്‍- 2, കരാട്ടെ കിഡ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ക്കും, ബാഹുബലി, പത്മാവത്, ബാജിറാവോ മസ്താനി, ഉറി- ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ ഉള്‍പ്പടെ മുന്നൂറിലധികം വിവിധ ഭാഷാ ചിത്രങ്ങളുടെ ഭാഗമാകുകയും രണ്ട് തവണ ദേശീയ പുരസ്‌കാരം നേടുകയും ചെയ്ത ജസ്റ്റിന്‍ ജോസാണ് അദൃശ്യന്റെ ഡയറടക്ടര്‍ ഓഫ് ഓഡിയോഗ്രഫി. രാജീവ് വിജയ് ആണ് ഛായാഗ്രാഹണം.ലോക് ഡൗണിന് ശേഷം കേരളത്തിലും തമിഴ്നാട്ടിലും വിദേശത്തുമായി ഈ മിസ്റ്ററി ത്രില്ലർ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.