തന്റെ മകൾ അമേയയുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം തേടിയാണ് തൃക്കരിപ്പൂർ സ്വദേശിനിയായ നിമ്മി സുരേഷ്‌ഗോപി അവതരിപ്പിക്കുന്ന 'കോടീശ്വരൻ' പരിപാടിയിലേക്ക് എത്തിച്ചേരുന്നത്. 'ക്ലബ് ഫൂട്ട്' എന്ന അമേയയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാനായി മൂന്ന് ശസ്ത്രക്രിയകൾ വേണ്ടിവന്നിരുന്നു.
നാലാമത്തെ സർജറി കൂടി കഴിഞ്ഞാലേ അമേയ പൂർണമായും സുഖം പ്രാപിക്കുകയുള്ളൂ. ഇതിനായുള്ള പണം തേടിയാണ് നിമ്മി കോടീശ്വരൻ പരിപാടിയിലേക്ക് എടുത്തുന്നത്. എന്നാൽ നിർഭാഗ്യവശാൽ, നിമ്മിക്ക് ലഭിച്ച ഒരു ചോദ്യം തെറ്റിപോകുകയും സമ്മാനത്തുക 10,000 രൂപയിലേക്ക് ചുരുങ്ങുകയും ചെയ്തു.
ഇപ്പോൾ തന്നെ 10 ലക്ഷം രൂപ കടക്കാരിയായ നിമ്മി ഇനി എങ്ങനെ താൻ ഇനി എങ്ങനെ മകളെ ചികിത്സിക്കുമെന്ന് വിഷമിച്ചപ്പോഴാണ് സുരേഷ് ഗോപിതന്നെ നിമ്മിക്ക് നേരെ സഹായഹസ്തം നീട്ടിയത്. 'മോളുടെ ഓപ്പറേഷൻ മുടങ്ങില്ല, ഞാനേറ്റു' എന്നതായിരുന്നു സുരേഷ് ഗോപി നിമ്മിക്ക് നൽകിയ വാക്ക്.
ഒടുവിൽ ആ വാക്ക് സുരേഷ് ഗോപി പാലിക്കുകയും ചെയ്തു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലാം ഏര്‍പ്പാടാക്കുകയും അമേയയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സുരേഷ് ഗോപി നല്‍കുകയും ചെയ്തു. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ.
കണ്ണുതുറന്നപ്പോള്‍, അമേയയ്ക്ക് സര്‍പ്രൈസായി സുരേഷ് ഗോപിയുടെ വക ഒരു കുടന്ന പൂക്കളാണ് അമേയയെ വരവേറ്റത്. ആശുപത്രി ചെയര്‍മാന്‍ ഡോ. കെ.ജി.അലക്സാണ്ടര്‍ വിളിച്ചപ്പോഴാണ് അമേയയ്ക്ക് പൂക്കള്‍ നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഡോ. ടി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ.