covid-19

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ ഭൂമിയിലേക്ക് അയച്ചത് ഭഗവാൻ ശ്രീകൃഷ്ണനാണെന്ന വിവാദ പരാമർശവുമായി ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതാവായ സൂര്യകാന്ത് ദാസ്‌മാന. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് ഉത്തരാഖണ്ഡിലെ കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കൂടിയായ സൂര്യകാന്ത് ഈ വിവാദ പരാമർശം നടത്തിയത്.

കൃഷ്ണനും കൊവിഡും 'ക' എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്നും അതിനാലാണ് കൊവിഡ് രോഗത്തെ അയച്ചത് ഭഗവാൻ കൃഷ്ണനാണെന്ന് താൻ പറയുന്നതെന്നുമായിരുന്നു സൂര്യകാന്തിന്റെ വിശദീകരണം. എന്നാൽ സൂര്യകാന്തിന്റെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.

ദൈവങ്ങളെ കൊവിഡ് രോഗവുമായി അദ്ദേഹം താരതമ്യ പ്പെടുത്തിയതാണ് സോഷ്യൽ മീഡിയാ ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. എന്നാൽ ദൈവം ആഗ്രഹിക്കാതെ കൊവിഡ് വരുമോയെന്നും ഈ ലോകത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കുമേലും ദൈവത്തിന്റെ കണ്ണുണ്ടെന്നുമാണ് സൂര്യകാന്ത് ദാസ്‌മാന തന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ചത്.